ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥന്‍ ഹൃദയാഘാതംമൂലം മരിച്ചു

dead-body

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബാബര്‍പുര്‍ പ്രൈമറി സ്‌കൂളിലെ പോളിങ് ബൂത്തിലെ ഡ്യൂട്ടിക്കിടെയാണ് സംഭവം. രാജ്യതലസ്ഥാനത്ത് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ജനവിധി തേടുകയാണ്. രാവിലെ എട്ട് മണിമുതല്‍ ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തുടങ്ങി. കേന്ദ്ര മന്ത്രിമാരും സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ വിവിധ നേതാക്കള്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കേന്ദ്ര മന്ത്രിമാരായ ഹര്‍ഷവര്‍ധന്‍, എസ്.ജയശങ്കര്‍ തുടങ്ങിയവര്‍ വോട്ടു രേഖപ്പെടുത്തി. 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം 11ന് അറിയാം. ഇന്നു വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീന്‍ ബാഗ്, ജാമിയ നഗര്‍ ഉള്‍പ്പെടെ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഭരണകക്ഷിയായ എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണു മിക്ക മണ്ഡലങ്ങളിലും.

ബിജെപിയുടെ സഖ്യകക്ഷിയായി ജെഡിയു 2 സീറ്റിലും എല്‍ജെപി 1 സീറ്റിലും മത്സരിക്കുന്നു. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍ജെഡി 4 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ബിഎസ്പി 42 സീറ്റുകളിലും. വിവിധ സര്‍വേ ഫലങ്ങള്‍ എഎപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണു നല്‍കുന്നത്.

Top