ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച പുനഃ പരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മാത്രമല്ല നിര്‍ഭയയുടെ മാതാപിതാക്കളുടെ വാദവും കോടതി കേള്‍ക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ തുറന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച നാല് പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് സുപ്രീം കോടതി ഈ മാസം 17 ന് പരിഗണിക്കും എന്ന് പറഞ്ഞിരുന്നു. വധശിക്ഷ ശരിവച്ച ബെഞ്ചിലെ അംഗങ്ങളായിരുന്ന ജസ്റ്റിസ് ആര്‍ ബാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് മൂന്നംഗ ബെഞ്ചിലെ അംഗങ്ങള്‍. മറ്റ് പ്രതികളായ വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരുടെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
കേസില്‍ കുറ്റക്കാരാനായ വിനയ് ശര്‍മ്മ ദയാഹര്‍ജി പിന്‍വലിച്ചതോടെ ഇയാളെ കഴിഞ്ഞ ദിവസം തീഹാര്‍ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു. ദില്ലിയിലെ മാണ്‍ഡൂലി ജയിലിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. കേസില്‍ കുറ്റക്കാരായ അക്ഷയ്, മുകേഷ് സിംഗ്, പവന്‍ ഗുപ്ത് എന്നിവര്‍ തീഹാര്‍ ജയിലില്‍ തന്നെയാണ് ഉള്ളത്.
ബിഹാറിലെ ബക്സര്‍ ജില്ലയിലെ ജയില്‍ അധികൃതര്‍ക്ക് 10 തൂക്കുകയറുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു.ഡിസംബര്‍ 14-ന് മുമ്പ് തൂക്കു കയര്‍ തയ്യാറാക്കി നല്‍കണമെന്ന് തങ്ങള്‍ക്ക് ജയില്‍ ഡയറക്ടറേറ്റില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി ബുക്സര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ അറിയിച്ചിരുന്നു. നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന് ഏഴ് വര്‍ഷം തികയുന്ന ദിനമായ ഇന്നലെ രാവിലെ അഞ്ചു മണിയോടെ പ്രതികളെ തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മം പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.