നിര്‍ഭയ ; മരണവാറന്റ് പിന്‍വലിക്കാനാവില്ല, വധശിക്ഷ വൈകും: കോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണവാറന്റ് പിന്‍വലിക്കാനാവില്ലെന്ന് ഡല്‍ഹി പട്യാലഹൗസ് കോടതി.മരണ വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്.

പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്നും 22ന് ശിക്ഷ നടപ്പാക്കാനികില്ലെന്നും സ്വന്തം ഉത്തരവ് പുനപരിശോധിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

മരണവാറന്റ് പ്രകാരം വധശിക്ഷ ഈമാസം 22ന് നടപ്പാക്കാനാകില്ലെന്ന് ഇന്നലെ ഡല്‍ഹിസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.തിഹാര്‍ ജയിലിന്റെ അഭിഭാഷകനും ഇതേ നിലപാടാണ് ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ദയാഹര്‍ജി തള്ളുകയാണെങ്കില്‍ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ സമയം കുറ്റവാളികള്‍ക്ക് നല്‍കണം എന്ന സുപ്രീംകോടതി വിധികളുണ്ട്. പുതിയ മരണവാറന്റിനായി അപേക്ഷ നല്‍കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു.

നിര്‍ഭയ കേസിലെ പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരുടെ വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ ജനുവരി ഏഴാം തീയതിയിലെ വാറണ്ട്.

മുകേഷ് സിംഗിന്റെയും കൂട്ടുപ്രതി വിനയ് ശര്‍മ്മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജനുവരി 14ന് തള്ളിയിരുന്നു. ഇതിന് പിന്നാലെ മുകേഷ് സിങ് രാഷ്ട്രപതിയ്ക്ക് നല്‍കുകയായിരുന്നു.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top