ദയാഹര്‍ജി തള്ളണം: രാഷ്ട്രപതിക്ക് നിര്‍ഭയയുടെ മാതാപിതാക്കളുടെ കത്ത്‌

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തള്ളണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിര്‍ഭയയുടെ മാതാപിതാക്കളുടെ കത്ത്. നീതി വൈകിക്കാനുള്ള പ്രതിയുടെ ശ്രമമാണിതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. തെലങ്കാനയിലെ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത് ചര്‍ച്ചാ വിഷയമാവുമ്പോഴും തങ്ങളുടെ മകളെ കൊന്ന കേസിലെ പ്രതികളുടെ ശിക്ഷയില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും കത്തിലൂടെ അവര്‍ ചൂണ്ടിക്കാട്ടി.

ഈമാസം 16 ന് നിര്‍ഭയ കൊല്ലപ്പെട്ടിട്ട് ഏഴ് വര്‍ഷം പിന്നിടുകയാണ്. എന്നിട്ടും തങ്ങള്‍ക്ക് നീതി ളഭിക്കാത്തതില്‍ നീറുകയാണ് ആ കുടുംബം. അതിനിടെ നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളിക്കളയണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറിയിരുന്നു. കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചത്. എന്നാല്‍ പോക്‌സോ കേസില്‍ ദയാഹര്‍ജി നല്‍കരുതെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികള്‍ തിഹാര്‍ ജയിലില്‍ തുടരുകയാണ്.

Top