നിര്‍ഭയ പ്രതികളുടെ ശിക്ഷ ഒരുമിച്ച്; കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മരണ വാറണ്ട്​ സ്​റ്റേ ചെയ്​ത പട്യാല ഹൗസ്​ കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് സുരേഷ് കെയ്ത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനിവില്ലെന്നും മാത്രമല്ല ശിക്ഷ വെവ്വേറെ നടപ്പാക്കുന്നതിനുള്ള ആവശ്യവും കോടതി അംഗീകരിച്ചില്ല.

പ്രതികള്‍ ഒരാഴ്ചയ്ക്കകം നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി അന്ത്യശാസനം നൽകി. ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയുമടക്കം ഒരാഴ്ചയ്ക്കം നല്‍കണം. നിയമനടപടികളുടെ പേരില്‍ ശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. മരണവാറന്റ് സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ശരിവക്കുകയും ചെയ്തു.

പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റണം എന്ന നിയമം നിലനില്‍ക്കില്ലെന്നും ഒരിക്കല്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസം ഇല്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വാദം.

Top