പ്രസംഗം നന്നായി, പക്ഷേ ഇക്കാര്യം മിണ്ടിയില്ല! നിതീഷിനെ വിടാതെ പ്രശാന്ത് കിഷോര്‍

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലക്ഷ്യംവെച്ച് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പാട്‌നയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച നിതീഷ് കുമാര്‍ ചില കാര്യങ്ങളില്‍ നിശബ്ദത പാലിച്ചെന്നാണ് കിഷോറിന്റെ ഒളിയമ്പ്.

‘പാട്‌നയിലെ റാലിയില്‍ നിതീഷ് കുമാര്‍ പ്രവര്‍ത്തകരോട് 200 സീറ്റില്‍ വിജയിക്കുമെന്ന് വാഗ്ദാനം ചെയ്തു, എന്നാല്‍ എന്ത് കൊണ്ടാണ് ബിഹാര്‍ ഇപ്പോഴും പിന്നോക്ക സംസ്ഥാനമായി, ദരിദ്ര സംസ്ഥാനമായി നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞില്ല, 15 വര്‍ഷത്തെ സല്‍ഭരണത്തിന് ശേഷവും ഇതാണ് സ്ഥിതി’, പ്രശാന്ത് കിഷോര്‍ ട്വീറ്റില്‍ വിമര്‍ശിച്ചു. ഡല്‍ഹി കലാപങ്ങളെക്കുറിച്ചും ഒരക്ഷരം മിണ്ടാതിരുന്നത് മോശമായി, കിഷോര്‍ കുറ്റപ്പെടുത്തി.

ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് ആളുകള്‍ ജോലി തേടി പോകുന്നത് മോശമായി കാണേണ്ടെന്നാണ് നിതീഷ് കുമാര്‍ വിശദീകരിച്ചത്. രാജ്യം ഒന്നാണെന്ന വാദമാണ് റാലിയില്‍ അദ്ദേഹം വാദിച്ചത്. ആളുകള്‍ക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തന്റെ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ സ്‌കീമുകളെക്കുറിച്ച് പഠിക്കാനും അദ്ദേഹം രാഷ്ട്രീയ എതിരാളികളെ വെല്ലുവിളിച്ചു.

ബിഹാര്‍ യുവാക്കള്‍ തൊഴില്‍ തേടി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്നത് പ്രധാന വിഷയമായാണ് പ്രശാന്ത് കിഷോറും, സിപിഐയുടെ കനകയ്യ കുമാറും ഉന്നയിക്കുന്നത്. ജെഡിയു വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് അടുത്തിടെ കിഷോറിനെ പുറത്താക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് കിഷോറിനെ മത്സരിപ്പിക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

Top