പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി പഞ്ചാബും

ന്യൂഡല്‍ഹി: കേരള നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെ പ്രമേയം കൊണ്ടുവരാനൊരുങ്ങി പഞ്ചാബും. പഞ്ചാബ് നിയമസഭയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കുന്നതോടെ കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ മറ്റ് സംസ്ഥാനങ്ങളും പ്രമേയം കൊണ്ടു വരാന്‍ സാധ്യതയുണ്ട്.

പൗരത്വ നിയമത്തെ ചോദ്യം ചെയ്തു കൊണ്ട് കേരളം സുപ്രീംകോടതിയില്‍ എത്തിയ അതേ ദിവസമാണ് പഞ്ചാബ് സര്‍ക്കാരും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത്. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

ഇന്നാണ് ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കിയത്.

പൗരത്വ ദേദഗതിക്കെതിരെ കോടതിയില്‍ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ നിയമ ദേദഗതിക്കെതിരെ ആദ്യം മുതലേ വന്‍ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സര്‍ക്കാര്‍ ചോദ്യം ചെയ്യുമെന്നുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.

പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.

Top