ന്യൂഡല്‍ഹി: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഏഷ്യാനെറ്റും മീഡിയവണ്ണും സംപ്രേഷണം പുനരാരംഭിച്ചു. ഏഷ്യാനെറ്റ് ചാനലിന് സംപ്രേഷണം പുനരാരംഭിക്കാന്‍ രാത്രി ഒരുമണിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ മീഡിയ വണ്ണിന്റെ വാര്‍ത്താ സംപ്രേഷണം രാവിലെ 11മണി മുതലാണ് പുനരാരംഭിച്ചത്.
മീഡിയവണ്‍, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിക്കൂറാണ് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് 7.30 മുതല്‍ ഞായറാഴ്ച രാത്രി 7.30 വരെയുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചാണിപ്പോള്‍ സംപ്രേഷണം പുനരാരംഭിച്ചത്.
ചാനലിലും സമൂഹമാധ്യമവേദികളിലും പൂര്‍ണമായും സംപ്രേഷണം തടഞ്ഞു. വംശീയാതിക്രമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്തതില്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്. 28ന് മന്ത്രാലയം ഇരുചാനലുകളോടും വിശദീകരണം ചോദിച്ചിരുന്നു. മാനേജുമന്റെ് നല്‍കിയ വിശദീകരണം തൃപ്തികരമല്ല എന്നുചൂണ്ടിക്കാട്ടിയാണ് നടപടി. വംശീയാതിക്രമം റിപ്പോര്‍ട്ടുചെയ്ത മീഡിയ വണ്‍, ഡല്‍ഹി പൊലീസിനെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ചതായി മന്ത്രാലയത്തിന്റെ നോട്ടീസില്‍ കുറ്റപ്പെടുത്തി.
ഫെബ്രുവരി 25ന് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടാണ് നടപടിക്കാധാരമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന സ്ഥലത്തെ ഒരു കെട്ടിടത്തിനു മുകളില്‍നിന്നുണ്ടായ വെടിവെപ്പില്‍ സമരക്കാര്‍ക്ക് പരിക്കേറ്റെന്നും അക്രമം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായിനിന്നുവെന്നും ആക്രമികള്‍ നിരവധി കടകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കിയെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതെല്ലാം ഏകപക്ഷീയമാണെന്ന് നോട്ടീസില്‍ പറയുന്നു.
അതിക്രമം നടന്നത് ചാന്ദ്ബാഗിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കല്ലേറിന്റെയും കൊള്ളിവെപ്പിന്റെയും പരിക്കേറ്റവരെ ആശുപത്രിയിലാക്കുന്നതിന്റെയും ദൃശ്യങ്ങളും റിപ്പോര്‍ട്ടിനൊപ്പമുണ്ടായിരുന്നു. ആരാധനാലയങ്ങള്‍ക്കും ഒരു പ്രത്യേക സമുദായത്തിനും നേരെയുള്ള അതിക്രമങ്ങളെ എടുത്തുകാട്ടുന്നതായിരുന്നു റിപ്പോര്‍ട്ടിങ് എന്ന് നോട്ടീസില്‍ പറയുന്നു.
ഇത്തരം സംപ്രേഷണരീതി അക്രമം ഇളക്കിവിടുകയും ക്രമസമാധാനപാലനത്തെ അപകടപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.ഫെബ്രുവരി 25ന്ഏഷ്യനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കലാപം തുടരുകയാണെന്നും മരണം 10 ആയതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
‘സായുധ കലാപകാരികള്‍ മതം ചോദിച്ച് ആക്രമിക്കുന്നു. നൂറുകണക്കിന് കടകള്‍, വീടുകള്‍, വാഹനങ്ങള്‍ എന്നിവ അഗ്‌നിക്കിരയാക്കി, 160 പേര്‍ക്ക് പരിക്കേറ്റു. പൊലീസ് കാഴ്ചക്കാരായപ്പോള്‍ കലാപകാരികള്‍ തെരുവുകളില്‍ നിറഞ്ഞാടുകയാണ്. വടക്കുകിഴക്കാന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചു. ജാഫറാബാദിലും മൗജ്പുരിലും മസ്ജിദുകള്‍ അഗ്‌നിക്കിരയാക്കിയപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. അഗ്‌നിരക്ഷ സേന പോലും എത്തിയത് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ്.
കലാപകാരികള്‍ റോഡ് തടഞ്ഞ് മതം ചോദിച്ച് ആക്രമിക്കുന്നു. ഹിന്ദു ഭൂരിപക്ഷ മേഖലകളിലെ മുസ്‌ലിം വീടുകള്‍ അഗ്‌നിക്കിരയാക്കുന്നു’എന്നായിരുന്നു ഇരു ചാനലുകളും റിപ്പോര്‍ട്ട് ചെയ്തത്. ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ പ്രാധാന്യപൂര്‍വം കാണിക്കുകയും ഒരു പ്രത്യേക സമുദായത്തോടു പക്ഷംചേര്‍ന്ന് നില്‍ക്കുകയും ചെയ്യുകയായിരുന്നുവെന്നും മന്ത്രാലയത്തിന്റെ നോട്ടീസില്‍ പറയുന്നു.