ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എയര്‍ ക്വാളിറ്റി വളരെ ഉയര്‍ന്ന സൂചികയിലേക്ക് ഒറ്റ ദിവസം കൊണ്ട് മാറിയതായി റിപ്പോര്‍ട്ടുകള്‍. ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതും മറ്റുമാണ് ഒരു ദിവസം കൊണ്ട് എയര്‍ ക്വാളിറ്റി സൂചിക ഉയര്‍ന്ന നിലയിലേക്ക് എത്തിപ്പെടാന്‍ കാരണമായത്.
അന്തരീക്ഷ മലിനീകരണം തലസ്ഥാന നഗരത്തില്‍ പലപ്പോഴും വന്‍ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇടയ്ക്കിടെയുണ്ടായ മഴ തലസ്ഥാനത്തെ അന്തരീക്ഷത്തിന്റെ എയര്‍ ക്വാളിറ്റി സൂചികയെ ഒരു പരിധിവരെ പിടിച്ചു നിര്‍ത്തിയിരുന്നു. എന്നാല്‍ ദീപാവലിയോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങള്‍ എയര്‍ ക്വാളിറ്റി സൂചിക മുന്നൂറ്റിമുപ്പത്തൊന്‍പതിലേക്ക് എത്തിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
എയര്‍ ക്വാളിറ്റി മോണിറ്ററിംങ് സംവിധാനമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ന് വൈകീട്ടോടെ വീണ്ടും എയര്‍ ക്വാളിറ്റിയില്‍ വലിയ വ്യത്യാസം വരുമെന്നാണ് കണക്കുകൂട്ടുന്നത്. വൈകുന്നേരത്തെ ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതോടെ അന്തരീക്ഷ മലിനീകരണം വര്‍ധിക്കുകയും എയര്‍ ക്വാളിറ്റി വീണ്ടും മോശമായ അവസ്ഥയിലെത്തിച്ചേരുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് പലപ്പോഴും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ നിരോധനത്തെ വെല്ലുവിളിച്ച് കോടതിയില്‍ പോയി അനുകൂല വിധി പലരും നേടുകയും ചെയ്യും.
അതുകാണ്ട് തന്നെ ഇക്കാര്യത്തില്‍ എടുക്കുന്ന നടപടികള്‍ പലപ്പോഴും ഫലപ്രദമാക്കി മാറ്റാന്‍ സര്‍ക്കാരിനാകില്ല. എയര്‍ ക്വാളിറ്റി സൂചിക അന്‍പതാണ് ശുദ്ധമായ അന്തരീക്ഷമായി കണക്കാക്കുന്നത്. ഗുഡ് കാറ്റഗറി അന്‍പതാണെങ്കില്‍ 51-100 സംതൃപ്ത വിഭാഗത്തില്‍പ്പെടുന്നു. 101 മുതല്‍ 200വരെ മോഡറേറ്റ് കാറ്റഗറിയിലാണ് ഉള്‍പ്പെടുക. 201-300 പുവര്‍ അല്ലെങ്കില്‍ വളരെ താഴ്ന്ന എയര്‍ ക്വാളിറ്റി സൂചികയായി കണക്കാക്കപ്പെടുന്നു. 301-400 വളരെ താഴ്ന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. അതിലും മുകളില്‍ 401-500 വരെ തീവ്ര ഗണത്തിലുമാണ് എയര്‍ ക്വാളിറ്റി സൂചികയില്‍ ഉള്‍പ്പെടുക. നേരത്തെ 2019ല്‍ തീവ്ര ഗണത്തില്‍പ്പെട്ട എയര്‍ ക്വാളിറ്റി സൂചികയിലേക്ക് ഡല്‍ഹി ദീപാവലിയോട് അനുബന്ധിച്ച് നടന്ന ആഘോഷങ്ങളെ തുടര്‍ന്ന് എത്തിച്ചേര്‍ന്നിരുന്നു.