കൊറോണ ഭീതി; സിവില്‍ സര്‍വ്വീസ് ഇന്റര്‍വ്യൂകളും മാറ്റിവെച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചതിന് പിന്നാലെ സിവില്‍ സര്‍വ്വീസ് ഇന്റര്‍വ്യൂകളും മാറ്റിവെച്ചു. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള ഇന്റര്‍വ്യൂകളാണ് മാറ്റിവെച്ചത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ഇന്ന് സര്‍വ്വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും പരീക്ഷകള്‍ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തിയത്.

സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ മാറ്റിയിട്ടും പരീക്ഷകള്‍ മാറ്റാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന യുജിസി നിര്‍ദേശവും സര്‍ക്കാര്‍ ഇന്നലെ തള്ളിയിരുന്നു.

അതേസമയം,ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിരുന്നു. തിയറി, പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം.

ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള മുഴുവന്‍ ഡോക്ടര്‍മാരെയും പിജി വിദ്യാര്‍ഥികളെയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

സി.ബി.എസ്.ഇ.യുടെ 10, 12 ക്ലാസ് പരീക്ഷ, യു.ജി.സി., എ.ഐ.സി.ടി.ഇ., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെ.ഇ.ഇ. മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

Top