ന്യൂഡല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി കോടതിയിലേക്ക്. കേന്ദ്ര തീരുമാനം രാജ്യവിരുദ്ധമാണെന്ന് പ്രതികരിച്ച സുബ്രഹ്മണ്യന്‍ സ്വാമി താന്‍ ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതമാകുകയാണെന്നും ട്വീറ്റിലൂടെ പ്രതികരിച്ചു.
രാജ്യദ്രോഹപരമായ നടപടിയാണ് എയര്‍ ഇന്ത്യ വില്‍ക്കുന്നതിലൂടെ സ്വീകരിക്കുന്നതെന്നും രാജ്യത്തിന്റെ സ്വകാര്യസ്വത്ത് വില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന് കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്ത് എന്തിനാണ് വില്‍ക്കുന്നതെന്ന് അദ്ദേഹം മോദിയെ ടാഗ് ചെയ്ത് ചോദിച്ചു.
രാഷ്ട്രീയവും നിയമപരവുമായ പ്രതിസന്ധികളെ സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും സുബ്രമണ്യം സ്വാമി നേരത്തെ പറഞ്ഞിരുന്നു. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തില്‍ ആദ്യം മുതല്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സ്വാമി നേരത്തെ എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റുചെയ്യാനും നിര്‍ദ്ദേശിച്ചിരുന്നു.