ന്യൂഡല്‍ഹി: ഉന്നാവോ കേസിന്റെ പ്രതിഷേധത്തിനിടെ സ്വന്തം മകളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ അമ്മയുടെ ശ്രമം. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പൊലീസ് ഇടപെട്ട് കുഞ്ഞിനെ രക്ഷിച്ചു. തുടര്‍ന്ന് അമ്മയെ ക്‌സറ്റഡിയില്‍ എടുക്കുകയായിരുന്നു.
ഉന്നാവിലെ പെണ്‍കുട്ടിയെ തീകൊളുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപ്പേരാണ് പ്രതിഷേധവുമായി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചത്. അതിനിടെയാണ് പെണ്‍കുട്ടിയുമായി എത്തിയ അമ്മ കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്.
ഈ നാട്ടില്‍ പെണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന് ചോദിച്ചുകൊണ്ടാണ് ആ അമ്മ തന്റെ മകളെ കത്തിക്കാന്‍ ശ്രമിച്ചത്. പൊലീസിന്റെ ഇടപെടല്‍ അപകടം ഒഴിവാകാന്‍ കാരണമായി. പെണ്‍കുട്ടിയെയും അമ്മയെയും പൊലീസ് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി.
സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.