2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍ പട്ടിക വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനും ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

2015ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. എന്നാല്‍ ഇതിനെ യുഡിഎഫ് ശക്തമായി എതിര്‍ക്കുകയും 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ നിരവധിയാളുകള്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്താകുമെന്നും ഇത് സങ്കീര്‍ണമായ സാഹചര്യമുണ്ടാക്കുമെന്നും യുഡിഎഫ് വാദിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ വഴങ്ങാതെ വന്നതോടെ യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കുകയും 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിക്ക് മുന്നിലെത്തിയത്.

Top