ഡിലൈറ്റ് തിയേറ്റര്‍ ഇനി ഓര്‍മ; പൊളിച്ചുമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു

കാലം മാറുന്നതിനനുസരിച്ച് സിനിമയും സിനിമാ തിയേറ്ററുകളും മാറി. സിനിമാ കൊട്ടകകളില്‍ നിന്ന് മള്‍ട്ടി പ്ലക്സിലേക്കുള്ള യാത്രയ്ക്ക് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ഈ യാത്രയില്‍ പലരും കാലത്തെ അതിജീവിച്ച് മുന്നോട്ട് പോയി, പലരും പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചു. തെന്നിന്ത്യയില്‍ ആദ്യമായി സിനിമാപ്രേമികളെ വെള്ളിത്തിര എന്തെന്ന് പരിചയപ്പെടുത്തിയ ഡിലൈറ്റ് തിയേറ്റര്‍ ഒരു നൂറ്റാണ്ട് പിന്നിട്ട പ്രതാപത്തില്‍ ഓര്‍മയായി മാറുന്നു.

പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിലൈറ്റില്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തി. ശിവാജി, എം.ജി.ആര്‍, രജിനി എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ദിവസം രണ്ട് ഷോകളായി പതിമിതപ്പെടുത്തി. രജിനിയുടെ മനിതന്‍ ആണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു അത്.തിയേറ്റര്‍ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.

1960 കളുടെ തുടക്കത്തില്‍ കൊച്ചിയിലുള്ള ജോഹാര്‍സ് ഗ്രൂപ്പ് വെറ്റെറ്റി ഹാള്‍ വിലയ്ക്ക് വാങ്ങി. അതിന് ശേഷമാണ് ഡിലൈറ്റ് തിയേറ്റര്‍ എന്ന് പേരുമാറ്റുന്നത്. എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജമിനി ഗണേശന്‍ എന്നിവരുടെ ചിത്രങ്ങളും പില്‍കാലത്ത് കമല്‍ഹാസന്‍, രജിനികാന്ത് ചിത്രങ്ങളും തിയേറ്ററില്‍ സിനിമാപ്രേമികളുടെ ആരവം തീര്‍ത്തു. രമേഷ് സിപ്പിയുടെ കള്‍ട്ട് ക്ലാസിക് ഷോലൈ ഒരു വര്‍ഷത്തോളമാണ് ഡിലൈറ്റില്‍ പ്രദര്‍ശിപ്പിച്ചത്. ബ്രൂസ്ലിയുടെ എന്റര്‍ ദ ഡ്രാഗണും വലിയ തരംഗം സൃഷ്ടിച്ചു.വര്‍ഷങ്ങള്‍ക്ക് ശേഷം സ്വരൂപ് എന്നൊരാള്‍ തിയേറ്റര്‍ ലീസിനെടുത്തു. കാലം മാറുന്നതിന് അനുസരിച്ച് സിനിമാ സ്‌കോപ്പ്, ഡോള്‍ബി സൗണ്ട് എന്നീ സാങ്കേതിക വിദ്യകളും തിയേറ്ററില്‍ അവതരിപ്പിച്ചു. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളാണ് ഏറെയും പ്രദര്‍ശിപ്പിച്ചിരുന്നത്.

Top