ന്യൂഡല്‍ഹി: ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് ഹിന്ദു ആല്ല എന്നതിന്റെ പേരില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് ശക്തമായ മറുപടി നല്‍കി ഭക്ഷണ വിതരണ ശൃഖംലയായ സൊമാറ്റോ.
ഭക്ഷണത്തിന് മതമില്ലെന്നും അതു തന്നെയൊരു മതമാണെന്നായിരുന്നു സൊമാറ്റോയുടെ മറുപടി. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശി അമിത് ശുക്ല എന്ന ആളാണ് ഭക്ഷണം കൊണ്ടുവന്നയാള്‍ അഹിന്ദു ആണെന്ന കാരണത്താല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തത്. നമോ സര്‍ക്കാര്‍ എന്നാണ് ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ പേര്.
തന്റെ ഭക്ഷണം എത്തിക്കാന്‍ അവര്‍ അഹിന്ദുവിനെയാണ് വിട്ടത്. അവര്‍ക്ക് ഡെലിവറി ബോയിയെ മാറ്റാന്‍ കഴിയില്ലെന്നും ക്യാന്‍സല്‍ ചെയ്ത ഭക്ഷണത്തിന്റെ പണം തിരികെ നല്‍കാനാവില്ലെന്നും അവര്‍ പറഞ്ഞു- അമിത് ശുക്ല ട്വീറ്റ് ചെയ്തു. സൊമാറ്റോ കസ്റ്റമെര്‍ കെയറുമായുള്ള നടത്തിയ ആശയവിനമയത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് അമിത് ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ കേസ് കൊടുക്കുമെന്നും അമിത് പറയുന്നു. ചെവ്വാഴ്ച രാത്രിയാണ് അമിത് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഡെലിവറി ബോയിയെ മാറ്റാന്‍ കഴിയില്ലെങ്കില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയാണെന്നും തന്നെ ഭക്ഷണം വാങ്ങുന്നതിന് നിര്‍ബന്ധിക്കാനാകില്ലെന്നും പണം നല്‍കുന്നില്ലെങ്കില്‍ താന്‍ അത് ഉപേക്ഷിക്കുകയാണെന്നും സൊമാറ്റോയുമായുള്ള സംഭാഷണത്തില്‍ അമിത് പറയുന്നു.
ബുധനാഴ്ച രാവിലെയാണ് അമിതിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് സൊമാറ്റോ പ്രതികരിച്ചത്. ഭക്ഷണത്തിന് മതമില്ലെന്നും അതു തന്നെയൊരു മതമാണെന്നും സൊമാറ്റോ ട്വീറ്റ് ചെയ്തു. സൊമാറ്റോ സ്ഥാപകന്‍ ദീപേന്ദ്ര ഗോയലും തന്റെ കമ്പനിയുടെ നിലപാടിനെ പിന്തുണച്ചു. ഇന്ത്യ എന്ന ആശയത്തിലും തങ്ങളുടെ ഉപഭോക്താക്കളുടേയും പങ്കാളികളുടേയും വൈവിധ്യത്തിലും അഭിമാനം കൊള്ളുന്നു. തങ്ങളുടെ മൂല്യങ്ങളെ മുറുകെപിടിക്കേണ്ടി വരുന്നതുകൊണ്ട് ഏതെങ്കിലും കച്ചവടം നഷ്ടമായാല്‍ തങ്ങള്‍ അതില്‍ ഖേദിക്കുന്നില്ലെന്നും ഗോയല്‍ ട്വീറ്റ് ചെയ്തു.