ഇന്ത്യയിലെ കൊവിഡ് ഡെല്‍റ്റാ വകഭേദം കുവൈറ്റിലും കണ്ടെത്തി

കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ഇപ്പോള്‍ വ്യാപകമായി കണ്ടു വരുന്നതുമായ കൊവിഡിന്റെ ഡെല്‍റ്റാ വകഭേദം കുവൈറ്റില്‍ കണ്ടെത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൂവൈത്തില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം ഒന്നിലധികം പേരില്‍ റിപ്പോര്‍ട്ട് ചെയ്തതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു.

രാജ്യത്ത് എത്ര പേരിലാണ് ഡെല്‍റ്റ വൈറസ് കണ്ടെത്തിയതെന്നോ അവര്‍ ഏത് രാജ്യക്കാരാണെന്നോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് മുന്നോട്ട് പോയാല്‍ മതിയെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാക്‌സിനെടുക്കാത്തവരിലാണ് ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം എളുപ്പത്തില്‍ വ്യാപിക്കുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുന്നതിനാല്‍ ഇത് വരെ വാക്‌സിനെടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്‌സിനെടുത്ത് കൊവിഡിനെതിരെ പ്രതിരോധ ശേഷി കൈവരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഇതോടെ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ അതീവ ശ്രദ്ധ വേണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും കാബിനറ്റ് യോഗത്തില്‍ നിര്‍ദ്ദേശം നല്കി.

Top