ജെറുസലേം: പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം ഇസ്രയേല്‍ വീണ്ടും നിര്‍ബന്ധമാക്കി. കൊവുഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയ സഹചര്യത്തിലാണ് നടപടി. നൂറിലധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച 227 കേസുകള്‍ രേഖപ്പെടുത്തി.
കുറച്ചു ദിവസങ്ങളായി രോഗം ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം ഇരട്ടിക്കുകയാണെന്ന് ഇസ്രയേല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം ഇസ്രായേല്‍ പൂര്‍ണ്ണമായും പിന്‍വലിച്ചത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. കച്ചവടസ്ഥാപനങ്ങള്‍ അടക്കം ആളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളിലൊന്നും ജനങ്ങള്‍ക്ക് മാസ്‌ക് ധരിക്കേണ്ടിയിരുന്നില്ല.
ഇസ്രായേലില്‍ പ്രായപൂര്‍ത്തിയായവരില്‍ 85 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ ചെയ്തതോടെയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.