പാലക്കാട്: കോവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണാടി ഗ്രാമപഞ്ചായത്ത് അടച്ചിടാന്‍ ഉത്തരവ്. നാളെ മുതല്‍ ഒരാഴ്ചത്തേക്കാണ് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് പൂര്‍ണമായി അടച്ചിടുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയാണ് ഉത്തരവിറക്കിയത്.
ജില്ലയില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ വ്യക്തികളുടെ രോഗവ്യാപന ഉറവിടം, രോഗികളുടെ സമ്പര്‍ക്കം എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തില്‍ കണ്ണാടി ഗ്രാമപഞ്ചായത്തിലെ വ്യക്തിയില്‍നിന്നാണ് രോഗം പകരാന്‍ ഇടയായതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. പ്രദേശത്ത് കോവിഡ് മരണങ്ങള്‍ സംഭവിച്ചതായും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളതായും രോഗികള്‍ക്ക് പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുമായി സമ്പര്‍ക്കം ഉണ്ടായതായും കണ്ടെത്തിയ സാഹചര്യത്തില്‍കൂടിയാണ് നടപടി.
അതിര്‍ത്തികള്‍ അടക്കുകയും പൊതുജന സഞ്ചാരവും വാഹന ഗതാഗതവും നിയന്ത്രിക്കുകയും ചെയ്യും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കട, പലചരക്ക് കട, പാല്‍ പാലുല്‍പ്പന്നങ്ങള്‍, തുടങ്ങിയവക്ക് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറക്കാം. എന്നാല്‍, ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കുന്നതിന് ആര്‍.ആര്‍.ടിമാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
ഹോട്ടലുകള്‍, റെസ്‌റ്റൊറന്റുകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ഹോം ഡെലിവറി മാത്രം അനുവദിച്ച് തുറക്കാവുന്നതാണ്. ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ദിവസങ്ങളില്‍ പൊതുജനങ്ങളുടെ പ്രവേശനം പൂര്‍ണമായും ഒഴിവാക്കി ഉച്ചയ്ക്ക് രണ്ടുവരെ 50 ശതമാനം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.