ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ഡെല്‍റ്റ വകഭേദം ബാധിച്ചവരില്‍ കേള്‍വി നഷ്ടപ്പെടല്‍, ഞരമ്പില്‍ രക്തം കട്ടപിടിച്ചതിന് പിന്നാലെ അവയവത്തിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാകുന്ന രോഗാവസ്ഥയായ ഗാന്‍ഗ്രീന്‍ എന്നീ ലക്ഷണങ്ങളും രോഗികളില്‍ കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.
ഡെല്‍റ്റ എന്ന പേരിലറിയപ്പെടുന്ന ബി.1.617.2 എന്ന കൊവിഡ് വകഭേദം 60ലധികം രാജ്യങ്ങളില്‍ പടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ പനി, ചുമ, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങളാണ് കൊവിഡ് രോഗികളില്‍ പൊതുവായി കാണുന്നത്. എന്നാല്‍ കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പുതിയ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്.
കഴിഞ്ഞദിവസം നഖങ്ങളില്‍ കണ്ടുവരുന്ന നിറവ്യത്യാസം കൊവിഡിന്റെ ലക്ഷണമാകാമെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേള്‍വിക്കുറവ്, വയറുസംബന്ധമായ അസ്വസ്ഥതകള്‍, ഗാന്‍ഗ്രീന്‍ എന്നിവ കോവിഡിന്റെ ലക്ഷണങ്ങളാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനാല്‍ തന്നെ രോഗികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ദര്‍ നിര്‍ദേശിക്കുന്നു