ഡെല്‍റ്റ വകഭേദം; ഒരു ഡോസ് വാക്‌സിന്‍ ഫലപ്രദമാകില്ലെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിനെതിരെ കൊവിഷീല്‍ഡ് വാക്‌സിന്റെ ഒരു ഡോസ് മാത്രമെടുത്തവര്‍ക്ക് കാര്യമായ സംരക്ഷണം ലഭിക്കില്ലെന്ന് പഠനം. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലെ രോഗികളിലും ആരോഗ്യപ്രവര്‍ത്തകരിലുമാണ് പഠനം നടത്തിയത്.

പഠന റിപ്പോര്‍ട്ട് അനുസരിച്ച് 30 ദിവസത്തെ ഇടവേളയില്‍ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്‌സിനും എടുത്തവരില്‍ ബഹുഭൂരിപക്ഷത്തിനും കൊവിഡില്‍ നിന്നും സംരക്ഷണം ലഭിച്ചപ്പോള്‍ ഒറ്റ ഡോസ് വാക്‌സിന്‍ മാത്രം എടുത്തവര്‍ക്ക് കൊവിഡിന്റെ ഡെല്‍റ്റാ വേരിയന്റ് പിടിപ്പെട്ടിരുന്നു.

എന്നാല്‍ നേരിയ ലക്ഷണങ്ങള്‍ മാത്രം ഉണ്ടായിരുന്ന കൊവിഡ് രോഗികളില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ഫലപ്രാപ്തി 28 ശതമാനം മാത്രമായിരുന്നു. അതേ സമയം കടുത്ത രോഗലക്ഷണങ്ങളുണ്ടായിരുന്ന രോഗികളില്‍ 67 ശതമാനവും ഓക്‌സിജന്‍ ആവശ്യമായി വന്ന ഗുരുതര രോഗികളില്‍ 76 ശതമാനവും കൊവിഷീല്‍ഡ് ഫലപ്രദമായിരുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞു. രണ്ട് ഡോസ് എടുത്തവരില്‍ മരണനിരക്ക് 97 ശതമാനത്തോളം കുറവായിരുന്നു.

 

Top