ലാല്‍ ജൂനിയറിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാവുന്ന നടികര്‍ തിലകം എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ശിവാജി ഗണേശന്റെ ആരാധക സംഘടന രംഗത്ത്. നടികര്‍ തിലകം ശിവാജി സമൂഗ നള പേരവൈ എന്ന സംഘടനയാണ് പേര് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് മലയാള സിനിമയിലെ താരസംഘടനയായ അമ്മയ്ക്ക് കത്തയച്ചിരിക്കുന്നത്.
ശിവാജി ഗണേശന്റെ വിശേഷണപ്പേര് ആയിരുന്നു ‘നടികര്‍ തിലകം’ എന്നത്. ഒരു കോമഡി ചിത്രത്തിന് ഈ പേര് നല്‍കുന്നത് മണ്‍മറഞ്ഞ ഒരു പ്രതിഭയുടെ പ്രശസ്തിയെ ബോധപൂര്‍വ്വം കളങ്കപ്പെടുത്താനാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അതിനാല്‍ പേര് മാറ്റണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.
ശിവാജി സമൂഗ നള പേരവൈ ‘അമ്മ’യ്ക്ക് അയച്ച കത്ത്
ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തില്‍ നടികര്‍ തിലകം എന്നൊരു മലയാള ചിത്രം നിര്‍മ്മിക്കപ്പെടുന്നതായി ഞങ്ങള്‍ അറിയാന്‍ ഇടയായി. ഇത് ഞങ്ങളെ സംബന്ധിച്ച് കേവലം ഒരു പേര് മാത്രമല്ല, മറിച്ച് ഞങ്ങളുടെ ജീവശ്വാസമാണ്. ഒരു ടൈറ്റില്‍ അല്ല അത്, മറിച്ച് തമിഴ് സിനിമയുടെ സ്വരാക്ഷരം തന്നെയാണ്. തമിഴ് സിനിമയുടെ ദീപസ്തംഭമായിരുന്ന ശിവാജി ഗണേശന് അദ്ദേഹത്തിന്റെ ആരാധകര്‍ നല്‍കിയ വിശേഷണമായിരുന്നു അത്. നടികര്‍ തിലകം എന്ന പേര് ഒരു മലയാള സിനിമയ്ക്ക് നല്‍കുന്നത് തമിഴ്‌നാട്ടിലുള്ള ശിവാജി ഗണേശന്‍ ആരാധകര്‍ക്കും തമിഴ് സിനിമയെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ഏറെ വേദന ജനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പേര് ഒരു കോമഡി സിനിമക്ക് നല്‍കുന്നതിലൂടെ ഞങ്ങള്‍ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ മനഃപൂര്‍വം അവഹേളിക്കുകയാണ്. ഒത്തൊരുമയോടെ പോകുന്ന തമിഴ്, മലയാളം സിനിമ മേഖലകളുടെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ നടികര്‍ തിലകം എന്ന പേര് ഉപയോഗിക്കുവാന്‍ അനുവദിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ പേര് ഉപയോഗിക്കുവാന്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും മറ്റൊരു പേര് ഉപയോഗിക്കുവാന്‍ അവരെ ഉപദേശിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു, കത്തില്‍ പറയുന്നു. സംഘടനയുടെ പ്രസിഡന്റ് കെ ചന്ദ്രശേഖരന്റെ പേരിലുള്ളതാണ് കത്ത്.
ടോവിനോ നായകനാകുന്ന ചിത്രത്തില്‍ ഭാവനയാണ് നായികയാകുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് നിര്‍മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, അഭിറാം പൊതുവാള്‍, ചന്ദു സലിംകുമാര്‍, ശ്രീകാന്ത് മുരളി, അര്‍ജുന്‍ നന്ദകുമാര്‍, ദിവ്യ പിള്ള, ജോര്‍ഡി പൂഞ്ഞാര്‍, ദിനേശ് പ്രഭാകര്‍, അബു സലിം, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം), രജിത്ത് (ബിഗ് ബോസ് ഫെയിം,) തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.