ഗതാഗതത്തിനു പുറമെ സിനിമ വകുപ്പും ഗണേഷനു ലഭിക്കുമോ ? ഇടതുപക്ഷത്തും ആവശ്യം ശക്തം

തിരുവനന്തപുരം: മന്ത്രി പദവി ഉറപ്പിച്ച കെ.ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പിനു പുറമെ സിനിമ വകുപ്പ് കൂടി നല്‍കണമെന്ന ആവശ്യം ഇടതുപക്ഷത്തും ശക്തമാകുന്നു. ഗണേഷ് ഈ വകുപ്പ് കൈകാര്യം ചെയ്താല്‍ , ഇപ്പോള്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷ അനുകൂല സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്.

ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജുവിന് പകരക്കാരനായാണ് ഗണേഷിനെ പരിഗണിക്കുക എന്നതിനാല്‍, ആന്റണിരാജു കൈകാര്യം ചെയ്ത ഗതാഗതം ഗണേഷിനു ലഭിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. ഇതേ വകുപ്പ് നേരത്തെ ഭരിച്ച പരിചയവും ഗണേഷനുണ്ട്. സമാനമായി തന്നെ മുമ്പ് സിനിമാ വകുപ്പും ഗണേഷ് നല്ല രൂപത്തില്‍ ഭരിച്ച വകുപ്പാണ്. സിനിമാക്കാരനായതിനാലും വകുപ്പ് കൈകാര്യം ചെയ്യാനുള്ള കയ്യടക്കത്തിലും ഗണേഷന്റെ കഴിവില്‍ നിലവില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന സജി ചെറിയാനു പോലും തര്‍ക്കമില്ല. ചലച്ചിത്ര അക്കാദമിയെ കൊണ്ടും മറ്റും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തരത്തിലുള്ള തലവേദനകള്‍, വകുപ്പ് ഗണേഷ് കൈകാര്യം ചെയ്താല്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ പറ്റും.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ഇനി നിര്‍ണ്ണായക തീരുമാനമെടുക്കേണ്ടത്. മറ്റു വകുപ്പുകളില്‍ തല്‍ക്കാലമൊരു അഴിച്ചുപണി വേണ്ടെന്ന നിലപാടിലാണ് സിപിഎം ഉള്ളതെങ്കിലും , ഗണേഷന്റെ കാര്യത്തില്‍ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചാല്‍ , സാംസ്‌കാരിക വകുപ്പില്‍ നിന്നും സിനിമ വകുപ്പ് എടുത്ത് മാറ്റി ഗണേഷന് നല്‍കാന്‍ സാധ്യത ഏറെയാണ്. സജി ചെറിയാന്‍ കൈകാര്യം ചെയ്യുന്ന സാംസ്‌കാരിക വകുപ്പില്‍ നിന്നും സിനിമ മാത്രമായി അടര്‍ത്തിമാറ്റിയാല്‍ , സജി ചെറിയാനു പോലും അക്കാര്യത്തില്‍ വലിയ എതിര്‍പ്പുയര്‍ത്താന്‍ കഴിയുകയില്ല.

മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം മുഖ്യമന്ത്രിക്കാണ്. മുന്‍ധാരണ പ്രകാരം രണ്ടുപേര്‍ ഒഴിയുമ്പോള്‍ ആ വകുപ്പുകളുടെ ചുമതല മറ്റു രണ്ടുപേര്‍ ഏല്‍ക്കുന്നു. ഇത്ര മാത്രമാണ് ഏറ്റവും ഒടുവില്‍ തീരുമാനമായിട്ടുള്ളത്. മറ്റെന്തെങ്കിലും മാറ്റങ്ങള്‍ക്കുള്ള സാധ്യത മുഖ്യമന്ത്രിയുടെ നിലപാടിന് അനുസരിച്ചായിരിക്കും.

അതേസമയം ചലച്ചിത്ര അക്കാദമിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായത് മന്ത്രി സജി ചെറിയാന്റെ നേരിട്ടുള്ള ഇടപെടല്‍ വൈകിയത് കാരണമാണ് എന്ന ആക്ഷേപം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ഘടകകക്ഷികള്‍ക്കും പ്രതിഷേധമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേള നടന്നുകൊണ്ടിരിക്കെ സംവിധായകന്‍ ഡോ.ബിജു സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അം?ഗത്വം രാജിവെച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ വിമര്‍ശനം അതിര് കടന്നപ്പോഴാണ്. അക്കാദമി ചെയര്‍മാന്റെ കസേരയിലിരുന്ന് ഭീമന്‍ രഘു അടക്കമുള്ളവരെ അധിക്ഷേപിക്കുന്നതും സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കേണ്ട സാഹചര്യമാണുള്ളത്. . ചെയര്‍മാനെ നീക്കണമെന്ന ആവശ്യം സി.പി.ഐ പ്രതിനിധിയും എ.ഐ.വൈ.എഫ് സംസ്ഥാന അദ്ധ്യക്ഷനുമായ അരുണ്‍ അടക്കം ഭരണസമിതിയിലെ ബഹുഭൂരിപക്ഷം പേരും ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയുടെ ചെവിയിലെത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ മറ്റാരേക്കാളും ഗണേഷ് കുമാറിന് കഴിയുമെന്ന വികാരമാണ് പൊതുവിലുള്ളത്.

Top