പാരിസ്: ഫുട്‌ബോള്‍ ലോകത്ത് തീപടര്‍ത്തി ഫ്രഞ്ച് താരങ്ങളായ ഒസ്മാനെ ഡെംബലയുടേയും അന്റോയ്ന്‍ ഗ്രീസ്മാന്റേയും വംശീയാധിക്ഷേപം. ഫ്രാന്‍സ് യൂറോ കപ്പില്‍ നിന്നും പുറത്തായി ഒരാഴ്ച്ച മാത്രം പിന്നിട്ടിരിക്കേയാണ് ഇരുവരും ഒരു ഏഷ്യന്‍ വംശജരെ വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നത്. ഡെംബലയുടെ വാക്കുകള്‍ കേട്ട് ഗ്രീസ്മാന്‍ ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോയുടെ ഉറവിടം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഹോട്ടല്‍ റൂമില്‍ സാങ്കേതിക സഹായത്തിനു എത്തിയ ഏഷ്യന്‍ വംശജരായ സ്റ്റാഫിനെ ഇരുവരും അധിക്ഷേപിക്കുകയായിരുന്നു. ഗ്രീസ്മാനും ഡെംബലെയും താമസിക്കുന്ന ഹോട്ടല്‍ റൂമിലെ ടെലിവിഷനില്‍ പ്രോ എവല്യൂഷന്‍ സോക്കറെന്ന വീഡിയോ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാനെത്തിയതായിരുന്നു ഏഷ്യക്കാരായ സ്റ്റാഫ്. ഇവരുടെ മുഖം വൃത്തികെട്ടതാണെന്നും ഭാഷ മോശമാണെന്നും രാജ്യം സാങ്കേതികമായി ഉയര്‍ന്നതാണോ എന്നെല്ലാം ഡെംബലെ ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതെല്ലാം കേട്ട് ഗ്രീസ്മാന്‍ ഡെംബലെയെ നോക്കി ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ ഈ സംഭവം നടന്നത് രണ്ടു വര്‍ഷം മുമ്പാണെന്നും ഗ്രീസ്മാന്റെ ഹെയര്‍സ്‌റ്റൈലില്‍ നിന്ന് അതു വ്യക്തമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ അധിക്ഷേപത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഫ്രാന്‍സ് ടീമും ഇരുവരും കളിക്കുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയും നടപടി സ്വീകരിക്കണമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.
വംശീയതക്കെതിരായ പോരാട്ടത്തിന്റെ ചരിത്രമുള്ള ടീമാണ് ഫ്രാന്‍സ്. അങ്ങനെയുള്ള ഒരു ടീമിലെ താരങ്ങള്‍ ഇത്തരത്തില്‍ പെരുമാറുന്നത് ആരാധകര്‍ക്കിടയില്‍ വലിയ അമര്‍ഷമാണുണ്ടാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കുമെതിരേ #StopAsianHate എന്ന ക്യാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്.