കാലിഫോര്‍ണിയ: പൊലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ പതിനേഴ് കാരിയെ വെടിവച്ചിട്ട് കാലിഫോര്‍ണിയ പൊലീസ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗ്രാഫിക്സ് വീഡിയോയിലാണ് പൊലീസ് പെണ്‍കുട്ടിയെ വെടിവച്ചുകൊന്നെന്ന് ദൃശ്യമാക്കുന്നത്. ജൂലൈ 5നാണ് ഹന്ന വില്യംസ് കൊല്ലപ്പെട്ടത്.
കൊലപാതകം നടന്ന സമയത്തെ ദൃശ്യങ്ങളില്‍ ഹന്ന താഴെ വീണുകിടക്കുന്നതും സഹായത്തിന് അപേക്ഷിക്കുന്നതും കാണാം. കളിത്തോക്ക് ഹന്നയുടെ സമീപത്ത് കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
പെണ്‍കുട്ടിയെ വെടിവച്ച് ഒന്നര മണിക്കൂറിനുള്ളില്‍ പിതാവ് മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചിരുന്നു. മകള്‍ വിഷാദ രോഗിയാണെന്നും അവള് സ്വയം ഉപദ്രവമേല്പ്പിച്ചേക്കാമെന്നും ഭയന്നാണ് വില്യംസ് പൊലീസിനെ വിളിച്ചത്.
അമിത വേഗതയില്‍ വാഹനമോടിച്ച് പോകുമ്പോഴാണ് പെണ്‍കുട്ടി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പൊലീസ് ഓഫീസര്‍ പെണ്‍കുട്ടിയുടെ വാഹനം പിന്തുടര്ന്ന് നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി പെട്ടന്ന് വാഹനം വളച്ചു. തുടര്‍ന്ന് തെന്നി നീങ്ങിയ വാഹനം നിന്നു. പെണ്‍കുട്ടിയുടെ വാഹനത്തിന് നേരെ നടന്ന പൊലീസ് ഓഫീസര്‍, അവള് തോക്കുചൂണ്ടി നില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ഓഫീസര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്റ്റേറ്റ് അധികൃതരെ സമീപിച്ചിരിക്കുകയാണ്.