ബി.ജെ.പിയുടേത് രാഷ്ട്രീയ പകപോക്കല്‍: ചിദംബരത്തിന്റെ അറസ്റ്റിനെതിരെ സുര്‍ജെവാല

ന്യൂഡല്‍ഹി: ബി.ജെ.പി ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല. പൊതുപ്രവര്‍ത്തകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഒരാളെ പിടികിട്ടാ പുള്ളിയാക്കി മാറ്റാനാണ് ശ്രമം നടക്കുന്നതെന്ന് സുര്‍ജെവാല പറഞ്ഞു

‘ചിദംബരത്തെ വ്യക്തിപരമായും രാഷ്ട്രീയമായും ആക്രമിക്കുന്നു. നിയമ സംവിധാനങ്ങളെ അട്ടിമറിക്കുന്നു. ചിദംബരം അന്വേഷണങ്ങളോട് ഇപ്പോഴും സഹകരിച്ചിട്ടുണ്ട്. അര്‍ദ്ധ രാത്രിയില്‍ സി.ബി.ഐയെ ഉപയോഗിച്ച്‌
അതിക്രമം കാണിച്ചു. നിശബ്ദമായ ഈ അടിയന്തരാവസ്ഥക്കെതിരെ രാജ്യം രംഗത്ത് വരണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം എ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും.അദ്ദേഹത്തിന്റെ വൈദ്യ പരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു.

അത്യധികം നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു ചിദംബരത്തെ അറസ്റ്റ്ചെയ്തത്. എ.ഐ.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ ശേഷം വീട്ടിലെത്തിയ ചിദംബരത്തെ പിന്തുടര്‍ന്നെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. പൂട്ടിയിട്ട വീടിന്റെ മതില്‍ ചാടികടന്ന് സിബിഐ അകത്തുകയറി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

Top