ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കും, വനിതാ സംവരണ ബില്‍ ഏകകണ്ഠമായി പാസാക്കണം; പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആദരം. വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കും. ബില്‍ ഏകകണ്ഠമായി പാസാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരണത്തിനു മുന്‍പ്, പാര്‍ലമെന്റിന്റെ പ്രത്യേക സെഷനില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു.

വനിതാ സംവരണം പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് അവതരിപ്പിച്ചത്. ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്നതാണ് ബില്‍. രാജ്യസഭ പാസാക്കിയ ബില്‍ നിലവിലുണ്ടെന്നു പറഞ്ഞ് പുതിയ ബില്ലില്‍ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യസഭയില്‍ പാസാക്കിയ പഴയ ബില്‍ നിലവിലുണ്ടെന്നു പ്രതിപക്ഷം ചൂണ്ടാക്കാട്ടി. മുന്‍പു പാസാക്കിയ ബില്‍ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു.

Top