പിസി ജോര്‍ജിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍

തിരുവനന്തപുരം : കന്യാസ്ത്രീക്കെതിരെ അധിക്ഷേപം നടത്തിയ പിസി ജോര്‍ജിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍.

കേരള നിയമസഭയിലെ ആംഗമായ പി.സി.ജോര്‍ജ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ തുടര്‍ച്ചയായി കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അധിക്ഷേപം ചൊരിയുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയാണെന്നും അവര്‍ അരോപിച്ചു.

പി.സി.ജോര്‍ജിനോട് വിശദീകരണമാവശ്യപ്പെട്ട വനിതാ കമ്മീഷനെയും ജോര്‍ജ് അധിക്ഷേപിച്ചിരിക്കുകയാണ്. നിയമസഭാ സാമാജികനായ പി.സി.ജോര്‍ജ് ഇത്തരത്തില്‍ നിയമ സംവിധാനത്തെപ്പോലും അധിക്ഷേപിക്കുകയും ധിക്കാരപരമായി പെരുമാറുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്.

താന്‍ നിയമത്തിനെല്ലാം അതീതനാണ് എന്ന നിലയിലാണ് ശ്രീ.പി.സി.ജോര്‍ജ് എം.എല്‍.എ പെരുമാറിക്കൊണ്ടിരിക്കുന്നത്. ഇത് കേരളീയ സമൂഹത്തിന് തന്നെ അപമാനകരമാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പി.സി.ജോര്‍ജിനെതിരായ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്.

ജോര്‍ജിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാതെ കയറൂരിവിട്ടാല്‍ അത് പൊതുസമൂഹത്തിനുതന്നെ അവമതിപ്പുണ്ടാവുന്നതാണ്. അതിനാല്‍ സ്ത്രീത്വത്തെ അവഹേളിച്ച പി.സി.ജോര്‍ജിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Top