ഡെറാഡൂണ്‍: നോട്ട് നിരോധനം മൂലം കടക്കെണിയിലായ വ്യവസായി മന്ത്രിയുടെ മുന്നില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഉത്തരാഖണ്ഡ് കൃഷിമന്ത്രി സുബോധ് ഉനിയാലിന്റെ ഡെറാഡൂണിലെ ഓഫിസിലെത്തിയാണ് പ്രകാശ് പാണ്ഡെയെന്നയാള്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുഴഞ്ഞുവീണയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില അതീവ ഗുരുതരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കാത്‌ഗോഡാമിലെ നയ് കോളനി നിവാസിയായ ഇയാളുടെ ബിസിനസ് മേഖല ചരക്കുഗതാഗതമായിരുന്നു. 2016ലെ നോട്ട് നിരോധനത്തെത്തുടര്‍ന്ന് കച്ചവടത്തില്‍ ഇടിവു നേരിട്ടെന്നു ആരോപിച്ചാണ് വ്യവസായി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് മന്ത്രി അറിയിച്ചു.
എടുത്ത ലോണുകളൊന്നും തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ബിജെപി അധ്യക്ഷനും കത്തയച്ചിരുന്നെന്നും, ലോണുകള്‍ എഴുതിത്തള്ളണമെന്ന് ഇവരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും പ്രകാശ് പാണ്ഡെ മന്ത്രിയോട് വീശദീകരിച്ചിരുന്നു.
തന്റെ പരാതികള്‍ പറഞ്ഞുകൊണ്ടിരിക്കെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഉടന്‍തന്നെ മന്ത്രിയുടെ കാറില്‍ ഇയാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി ഓഫിസില്‍ എത്തുന്നതിനു മുന്‍പു തന്നെ ഇയാള്‍ വിഷം കഴിച്ചിരുന്നുവെന്നു കരുതുന്നതായി മന്ത്രി അറിയിച്ചു.