പാവപ്പെട്ടവന്‍ ജീവിക്കാന്‍ റോഡരികില്‍ ഒരു പെട്ടിക്കടയിട്ടാല്‍ അത് തല്ലി പൊളിക്കാതെ ഉറക്കം വരാത്തവരാണ് ഇവിടുത്തെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. തല ചായ്ക്കാന്‍ ഇടമില്ലാതെ പീടിക തിണ്ണയില്‍ കിടക്കുന്നവരെ പോലും നിയമ പാലകര്‍ വിരട്ടിയോടിക്കുന്നതും പതിവ് കാഴ്ചയാണ്. കയ്യേറ്റം എന്ന് പറഞ്ഞ് അനവധി കുടിലുകളാണ് ഈ കൊച്ചു കേരളത്തില്‍ ഇടിച്ച് നിരത്തപ്പെട്ടിരിക്കുന്നത്.
പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പാവങ്ങളുടെ അവകാശങ്ങള്‍ പലപ്പോഴും നിഷേധിക്കപ്പെട്ടിരുന്നത് നിയമത്തിന്റെ ചുവപ്പ് സിഗ്നല്‍ ചൂണ്ടിക്കാട്ടിയാണ്. അന്നൊന്നും കാണിക്കാത്ത മാനുഷിക പരിഗണന മരടിലെ അനധികൃത ഫ്ലാറ്റില്‍ താമസിക്കുന്നവരോട് കാണിക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിച്ച് കൊടുക്കാന്‍ എന്തായാലും ബുദ്ധിമുട്ടാണ്.
പാവങ്ങളോട് ഭരണകൂടങ്ങളും രാഷ്ട്രീയക്കാക്കാരും കാണിക്കാത്ത വിട്ടു വീഴ്ച മരടിലെ ഫ്ളാറ്റിന്റെ കാര്യത്തില്‍ നല്‍കുന്നത് ഇരട്ട നീതിയാണ്. ഈ രാജ്യത്ത് ഒരു നിയമം ഉണ്ട് അത് പാലിക്കാന്‍ പണക്കാരനായാലും പാവപ്പെട്ടവനായാലും ബാധ്യസ്ഥരാണ്.രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനുമുണ്ട് ഉത്തരവാദിത്വം.
മരട് ഫ്ളാറ്റ് വിഷയത്തില്‍ ഇപ്പോള്‍ പുറത്തുവരുന്നത് നഗരസഭയുടെയും ഗുരുതരമായ വീഴ്ചയാണ്. അനധികൃത കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി അറിയിക്കാന്‍ അഞ്ച് വര്‍ഷം മുമ്പ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നഗരസഭ ഒന്നും ചെയ്തിരുന്നില്ല. ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ മരട് നഗരസഭ നല്‍കിയ അപ്പീലില്‍ തീരദേശ പരിപാലന അതോറിറ്റിക്കെതിരായ ഹൈക്കോടതി പരാമര്‍ശമാണ് കേസ് യഥാര്‍ത്ഥത്തില്‍ സുപ്രീംകോടതിയിലേക്ക് എത്തിച്ചിരുന്നത്.
ഹോളി ഫെയ്ത് എച്ച്ടുഒ, നെട്ടൂരുള്ള ആല്‍ഫ വെഞ്ചേഴ്സിന്റെ ഇരട്ട ഫ്ലാറ്റ് സമുച്ചയം, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നിവയാണ് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട കെട്ടിടങ്ങള്‍. ഇതില്‍ ഹോളിഡേ ഹെറിറ്റേജിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.2006 ജൂണ്‍ 17നാണ് കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ എന്ന സിആര്‍ഇസഡ് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ പുറത്തുവന്നിരുന്നത്. ഇത്പ്രകാരം സിആര്‍ഇസഡ് നിയമങ്ങള്‍ പാലിച്ചു മാത്രമേ കെട്ടിട നിര്‍മാണാനുമതികള്‍ നല്‍കാവൂ എന്നു കാണിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കേരള കോസ്റ്റല്‍ സോണ്‍ മാനേജമെന്റ് അതോറിറ്റി സര്‍ക്കുലറും നല്‍കിയിരുന്നു. ഇതാണ് മരടിലെ വിവാദ കെട്ടിട നിര്‍മാതാക്കളും ഉദ്യോഗസ്ഥരും ലംഘിച്ചത്.
2006 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായാണ് ഫ്ളാറ്റ് പണിയുന്നതിനു മരട് ഗ്രാമ പഞ്ചായത്ത് നിര്‍മാണ അനുമതി നല്‍കിയിരുന്നത്. 2017 ഏപ്രില്‍ 6ന് പല പോസ്റ്റിങ്ങുകളിലും മരട് നഗരസഭയ്ക്കു വേണ്ടി ആരും ഹാജരാകാത്തതിനെ തുടര്‍ന്ന് നഗരസഭയ്ക്ക് നോട്ടിസയയ്ക്കാന്‍ സുപ്രീം കോടതിക്ക് തന്നെ ഉത്തരവിടേണ്ടി വന്നിരുന്നു.
ഈ കെട്ടിടങ്ങള്‍ സിആര്‍ഇസഡ് മേഖല രണ്ടിലാണോ മൂന്നിലാണോ നില്‍ക്കുന്നതെന്നു തീര്‍ച്ച വരാത്തതിനാല്‍ സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, മരട് മുന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയെയും സുപ്രീംകോടതി ചുമതലപ്പെടുത്തുകയുണ്ടായി.ഈ സമിതി നടത്തിയ പരിശോധനയില്‍ സിആര്‍ഇസഡ് മേഖല മൂന്നില്‍ പെടുന്നതാണു പ്രസ്തുത ഫ്ലാറ്റുകളെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടിരുന്നത്. ഇത് ശരിയായ ഉത്തരവ് തന്നെയാണ്. ഈ ഉത്തരവിനെ ചോദ്യം ചെയ്യുന്നവര്‍ നിയമവിരുദ്ധ പ്രവൃത്തിക്കാണിപ്പോള്‍ കൂട്ടു നില്‍ക്കുന്നത്.
അനധികൃത നിര്‍മ്മാണം നടത്തിയ ബില്‍ഡര്‍മാരില്‍ നിന്നും പിഴ ഈടാക്കി ഫ്ലാറ്റ് നഷ്ടപ്പെടുന്ന ഉടമകള്‍ക്ക് പുനരധിവാസം ഉറപ്പാക്കാനാണ് ഭരണകൂടം നിലവില്‍ ശ്രമിക്കേണ്ടത്. 375 കുടുംബങ്ങളാണു ഇവിടെ താമസിക്കുന്നത്. അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കിയ തദ്ദേശ സ്ഥാപനങ്ങളെയും ജില്ലാ ഭരണകൂടത്തെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാറാകണം.
രണ്ട് പ്രകൃതി ദുരന്തങ്ങളെയാണ് ഈ നാട് അടുത്ത കാലത്ത് നേരിട്ടിരിക്കുന്നത്. കായലോരത്തെ അശാസ്ത്രീയമായ കെട്ടിട നിര്‍മാണങ്ങളും ഈ ദുരന്തത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളില്‍ പുനര്‍നിര്‍മാണത്തിന് ഒരുങ്ങുന്നതിന് മുന്‍പ് പ്രളയം ഉണ്ടായത് എങ്ങനെയെന്ന പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലങ്കില്‍ നവകേരള നിര്‍മാണം ഒരിക്കലും സാധ്യമാകുകയില്ല.കായല്‍ നികത്തുന്നതും കുന്നുകളും മലകളും ഇടിച്ച് നിരത്തുന്നതും പ്രകൃതി ലോല പ്രദേശങ്ങളില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നതും എല്ലാമാണ് പ്രകൃതി ദുരന്തത്തിന് കാരണമാകുന്നത്.
അശാസ്ത്രീയവും നിയമവിരുദ്ധവുമായ ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഒരു മുന്നറിയിപ്പായി മരട് മാറണം. അത് കേരളത്തിന്റെ നിലനില്‍പ്പിനു തന്നെ അനിവാര്യമാണ്. ഇനി നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ ഒരു ബില്‍ഡറും ധൈര്യപ്പെടരുത്. ഇത്തരം സ്ഥലങ്ങളില്‍ ഫ്ലാറ്റ് വാങ്ങുന്നവരും ഇനി പത്ത് വട്ടം ആലോചിക്കും. അവര്‍ക്കെല്ലാം ആശങ്കപ്പെടുത്തുന്ന ഓര്‍മ്മയായി മരട് ഫ്ളാറ്റ് സംഭവം മാറുക തന്നെ വേണം.
ഈ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ രംഗത്ത് വന്ന കേരളത്തിലെ ജനപ്രതിനിധികള്‍ ആരായാലും അവര്‍ ഈ നാടിനെയാണ് നിഷേധിക്കുന്നത്. നാടിന്റെ നിലനില്‍പ്പിനെ മാത്രമല്ല, നിയമ വ്യവസ്ഥയെ കൂടിയാണ് ചോദ്യം ചെയ്യുന്നത്. മുന്‍പ് കോടതി തന്നെ ചില കേസുകളില്‍ വ്യത്യസ്ത സമീപനം സ്വീകരിച്ചില്ലേ എന്നാണ് ചില മുന്‍ കേന്ദ്ര മന്ത്രിമാരടക്കം ഇപ്പോള്‍ ചോദിക്കുന്നത്. സാമാന്യ യുക്തിക്ക് നിരക്കാത്ത ചോദ്യമാണിത്.
ചിലര്‍ ചെയ്ത നിയമവിരുദ്ധ പ്രവര്‍ത്തിക്ക് ലഭിച്ച ആനുകൂല്യം മറ്റുള്ളവര്‍ക്കും ലഭിക്കണം എന്ന് പറയുന്നത് തന്നെ ശരിയായ കാര്യമല്ല. മുന്‍പ് അങ്ങനെ എന്തെങ്കിലും സൗകര്യം ഏതെങ്കിലും കെട്ടിട ഉടമകള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ ഹര്‍ജി നല്‍കാനാണ് നാടിനെ സ്നേഹിക്കുന്നവര്‍ ചെയ്യേണ്ടത്. ഇതിനുള്ള സാധ്യതയാണ് പുതിയ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തേടേണ്ടിയിരുന്നത്.
മരട് ഫ്ളാറ്റ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 17 എം.പിമാരും സ്വന്തം മണ്ഡലത്തിലെ പാവങ്ങളോടാണ് ആദ്യം നീതി പുലര്‍ത്തേണ്ടത്. നിങ്ങളുടെയെല്ലാം മണ്ഡലത്തില്‍ ചെറ്റ കുടിലുകളില്‍ താമസിക്കുന്നവരും വഴിവാണിഭ കച്ചവടം നടത്തുന്നവരുമെല്ലാം ആട്ടിയോടിക്കപ്പെടുന്നത് നിയമത്തിന്റെ കാര്‍ക്കശ്യം മൂലമാണ്. ഇവരുടെയൊക്കെ കണ്ണീരിനും മീതെ വരില്ല മരടിലെ കണ്ണീരും എന്നോര്‍ക്കണം.
പാവങ്ങളോട് ഒരു സമീപനം മറ്റുള്ളവരോട് വേറെ സമീപനം എന്നത് എവിടുത്തെ ഏര്‍പ്പാടാണ് ? പതിനേഴ് എംപിമാരോടൊപ്പം ചേര്‍ന്ന് നിവേദനത്തില്‍ ഒപ്പിടാതിരുന്ന രാഹുല്‍ ഗാന്ധിയും,ടി.എന്‍ പ്രതാപനും എന്‍.കെ പ്രേമചന്ദ്രനുമാണ് ഇവിടെ ശരിയായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വി.എസും വി.എം സുധീരനും കാനം രാജേന്ദ്രനുമെല്ലാം സ്വീകരിച്ച നിലപാട് ഈ നാടിന്റെ നന്മ മുന്‍ നിര്‍ത്തിയുള്ളതാണ്.
Political Reporter