തിരുവനന്തപുരം: ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രാജധാനി ഹോട്ടല്‍ സമുച്ചയം പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ റവന്യൂ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള ‘ഓപ്പറേഷന്‍ അനന്ത’യുടെ ഭാഗമായാണ് നടപടി.
കെട്ടിടം പൊളിക്കുന്നതില്‍ കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് (എം) മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം കത്തു നല്‍കിയിരുന്നു.
ആഗസ്റ്റ് 22നാണ്, കിഴക്കേക്കോട്ടയിലെ രാജധാനി ബില്‍ഡിംഗ്‌സ് പൊളിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്. തെക്കനംകര കനാല്‍ കൈയേറി നിര്‍മിച്ചതാണെന്നും അതിനാല്‍ പൊളിച്ചു മാറ്റണമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍, ഇതിനെതിരെ ബിജു രമേശ് ഹൈക്കോടതിയ സമീപിച്ച് സ്റ്റേ വാങ്ങി.
സ്റ്റേയ്‌ക്കെതിരേ അപ്പീല്‍ നല്‍കുന്നതിന് മുന്നോടിയായി എ.ഡി.എമ്മിനോടു ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിനു കൈമാറുകയും ചെയ്തു. എന്നാല്‍, അപ്പീല്‍ നല്‍കാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഈ ഫയല്‍ റവന്യൂ വകുപ്പിലേക്ക് തിരിച്ച് അയച്ചു. ഒന്നര മാസം കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് വിശദാംശങ്ങള്‍ നല്‍കിയിരുന്നില്ല.