ഇടിച്ചുനിരത്തലിന് കലാപക്കേസുമായി ബന്ധമില്ല; യുപി സർക്കാർ

ഡൽഹി: ഉത്തർപ്രദേശിലെ ഇടിച്ചുനിരത്തലിന് പ്രവാചക നിന്ദയ്ക്ക് എതിരെയുണ്ടായ കലാപങ്ങളുമായി ബന്ധമില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ. നിയമപരമായാണ് കാൺപുരിലെയും പ്രയാഗ്‌രാജിലെയും ഇടിച്ചുനിരത്തലെന്ന് യുപി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

പ്രവാചക നിന്ദയ്ക്ക് എതിരെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളുടെ വീട് ഇടിച്ചുനിരത്തുന്നതിനെ ചോദ്യം ചെയ്ത് ജമാഅത്തെ ഉലമ ഹിന്ദ് നൽകിയ ഹർജിയിലാണ് യുപി സർക്കാർ നിലപാട് അറിയിച്ചത്. അനധികൃത നിർമാണത്തിന് എതിരായ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നടപടിയുടെ ഭാഗമാണ് ഇടിച്ചുനിരത്തിൽ. നിയമപ്രകാരമാണ് ഈ നടപടി മുന്നോട്ടുപോവുന്നത്. അതിനു സംസ്ഥാന സർക്കാരുമായി ബന്ധമില്ല. തദ്ദേശ സ്ഥാപനങ്ങൾ സ്വയംഭരണ അവകാശമുള്ളവയാണെന്നും യുപി സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

തദ്ദേശ സ്ഥാപനങ്ങളുടെ നടപടിക്കു വിധേയമായ ആരും അതിനെ ചോദ്യം ചെയ്തു കോടതിയെ സമീപിച്ചിട്ടില്ല. നടപടി നിയമപരമാണ് എന്നതുകൊണ്ടാണത്. കലാപക്കേസിലെ പ്രതികൾക്കെതിരെ നടപടിയെടുക്കുന്നത് സിആർപിസി, ഗുണ്ടാ നിയമം, സാമൂഹ്യ വിരുദ്ധ നിയമം, പൊതുമുതൽ നശിപ്പിക്കലിന് എതിരായ നിയമം തുടങ്ങിയവയൊക്കെ അനുസരിച്ചാണ്. നിലവിൽ തദ്ദേശ സ്ഥാപനങ്ങൾ ഇടിച്ചുനിരത്തിലെ കെട്ടിടങ്ങൾ നിയമ വിരുദ്ധമായി നിർമിച്ചതാണെന്ന് ഉടമകൾ തന്നെ സമ്മതിച്ചിട്ടുള്ളതാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ പരാതിയുണ്ടെങ്കിൽ അതു ബാധിക്കുന്നവർ വേണം കോടതിയെ സമീപിക്കാനെന്ന്, ഷഹീൻ ബാഗ് കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് യുപി സർക്കാർ പറഞ്ഞു. ഷഹീൻബാഗിലെ പൊളിക്കലിനെതിരെ സിപിഎം നൽകിയ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

Top