ന്യൂഡല്‍ഹി: നോട്ടുകള്‍ നിരോധിച്ച മോദി സര്‍ക്കാരിന്റെ നടപടി രാജ്യത്തിന്റെ 70 വര്‍ഷത്തെ സാമ്പത്തിക നയത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് മുന്‍ മന്ത്രി അരുണ്‍ ഷൂറി.
വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ധനകാര്യ മന്ത്രാലയത്തിലെ ഒരു അണ്ടര്‍ സെക്രട്ടറിയെപ്പോലെയാണ് പെരുമാറുന്നതെന്നും വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹം പറഞ്ഞു.
കൂടിയാലോചന നടത്താതെയുള്ള തീരുമാനത്തിന് ഉദാഹരണമാണ് നോട്ടു അസാധുവാക്കല്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഒരിക്കല്‍ വോട്ടു ചെയ്ത ജനങ്ങള്‍ക്ക് പിന്നീട് യോഗ്യരായ മറ്റൊരാള്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കുമെന്ന് ഷൂറി ഓര്‍മപ്പെടുത്തി.
ഒരാളുടെ മനസില്‍ ഒരു ആശയമുദിച്ചു. ആര്‍ക്കും അതിനെ എതിര്‍ക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. അതാണ് നോട്ടുനിരോധനം.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന ഒരു പൊതു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെയും അരുണ്‍ ഷൂറി കുറ്റപ്പെടുത്തി. പ്രവര്‍ത്തിയിലും കാര്യക്ഷമതയിലും ഇത്രയും ദുര്‍ബലമായ ഒരു പ്രധാനമന്ത്രിയുടെ ഓഫീസ് മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.