ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കല്‍ പരിഗണിക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാരെന്ന് റിപ്പോര്‍ട്ട് .
വീരപ്പമൊയ്‌ലി അധ്യക്ഷനായ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് മുന്നില്‍ റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്.
1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നെന്ന് റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമാണ് നോട്ട് അസാധുവാക്കിയത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് മുമ്പ് തന്നെ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. 2014 ഒക്ടബോറില്‍ 500 ന്‍െയും 1000 ത്തിന്‍െയും പുതിയനോട്ടുകള്‍ പുറത്തിറക്കാന്‍ അനുവദിക്കണമെന്ന് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്ന കാര്യവും ഇതിനു കേന്ദ്രം നല്‍കിയ മറുപടിയും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ 94660 കോടി രൂപയുടെ പുതിയ നോട്ടുകള്‍ മാത്രമാണ് റിസര്‍വ് ബാങ്കിന്റ പക്കലുണ്ടായിരുന്നത്. അസാധുവാക്കപ്പെട്ട നോട്ടിന്റെ 6 ശതമാനം മാത്രമായിരുന്നു ഇത് എന്നും റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നുണ്ട്. ഈ മാസം 18 റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍, സാമ്പത്തിക കാര്യ സെക്രട്ടറി തുടങ്ങിയവര്‍ പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും
ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടയുന്നതിനും കള്ളപ്പണം ഇല്ലാതാക്കുന്നതിനും നോട്ടുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് നവംബര്‍ ഏഴിനാണ് സര്‍ക്കാര്‍ ഉപദേശം ചോദിച്ചതെന്ന് രേഖകളില്‍ പറയുന്നു. പിറ്റേന്ന് ഇതിനു അനുമതി നല്‍കുകയായിരുന്നെന്നും ആര്‍ബിഐ വ്യക്തമാക്കി.
നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്.
ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഡിസംബര്‍ 22ന് വീരപ്പ മൊയ്‌ലി അധ്യക്ഷനായ സമിതിക്കു മുമ്പാകെയാണ് റിസര്‍വ് ബാങ്ക് രേഖകള്‍ സമര്‍പ്പിച്ചത്.