ഇസ്ലാമാബാദ്: ഇന്ത്യയില്‍ നോട്ടുനിരോധനം നടപ്പാക്കിയതിന് പിന്നാലെ രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനായി അയ്യായ്യിരം രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള പ്രമേയം പാകിസ്ഥാന്‍ സെനറ്റ് പാസാക്കി.
175 രാജ്യങ്ങള്‍ ഉള്‍പ്പെട്ട അഴിമതി നടക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ 117മത്തെ സ്ഥാനമാണ് പാകിസ്ഥാന്. പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയിയുടെ നേതാവും സെനേറ്ററുമായ ഉസ്മാന്‍ സെയ്ഫുള്ള അയ്യായ്യിരം രൂപ നോട്ടുകള്‍ അനധികൃത ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ അവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഭരണപക്ഷമായ പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ പാര്‍ലമെന്റിലെ ഉപരിസഭയില്‍ ഭൂരിപക്ഷം പ്രതിപക്ഷത്തിനായതിനാല്‍ പ്രമേയം പാസായി.
അനധികൃത ഇടപാടുകള്‍ കുറയ്ക്കുക, ബാങ്ക് അക്കൗണ്ടുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, എന്നിവയ്ക്കായി ഉയര്‍ന്ന മൂല്യമുള്ള നോട്ടുനിരോധിക്കണം എന്നാണ് പ്രതിപക്ഷം പറയുന്നത്.
അയ്യായ്യിരം രൂപയുടെ 3.43 ട്രില്യണ്‍ നോട്ടുകളാണ് പ്രചാരത്തിലുള്ളത്. അതിനാല്‍ നോട്ടു പിന്‍വലിച്ചാല്‍ അത് സമ്പത്ത് ഘടനയെയും ജനങ്ങളെയും ബാധിക്കുമെന്നാണ് ഭരണപക്ഷം പറയുന്നത്. പ്രമേയം പാസായതോടെ അയ്യായ്യിരം രൂപയുടെ പ്രിന്റിംഗ് നിര്‍ത്തി വച്ചു.