demonitisation- decrease sales in motor vehicle market

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വാഹന വിപണിയില്‍ കനത്ത തിരിച്ചടി സൃഷ്ടിച്ചതായി കണക്കുകള്‍. നോട്ടു റദ്ദാക്കലിനുശേഷം ഡിസംബര്‍ മാസത്തില്‍ വാഹന വില്‍പ്പന 18.66 ശതമാനം കുറഞ്ഞെന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍സ് മാനുഫാക്‌ച്ചേഴ്‌സിന്റെ റിപ്പോര്‍ട്ട്. സ്‌കൂട്ടര്‍, കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയാണ് കുറഞ്ഞത്. അതേസമയം, വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 1.15 ശതമാനം വര്‍ധിച്ചു.

കഴിഞ്ഞ 16 വര്‍ഷത്തെ വാഹന വില്‍പ്പനയിലെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചത്. 2015 ഡിസംബറിനെ അപേക്ഷിച്ച് കാര്‍ വില്‍പ്പനയില്‍ 8.14 ശതമാനവും, പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 1.36 ശതമാനവും ബൈക്കുകളുടെ വില്‍പനയില്‍ 22.5 ശതമാനം കുറവ് രേഖപ്പെടുത്തി. അതേസമയം, സ്‌കൂട്ടര്‍ വില്‍പ്പനയില്‍ മാത്രം ഡിസംബറില്‍ 26 ശതമാനത്തിന്റെ ഇടവ് ഉണ്ടായി.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 15,02,314 യൂണിറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ 2016 ഡിസംബറില്‍ 12,21,929 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചതെന്ന് എസ്‌ഐഎഎം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാതൂര്‍ പറഞ്ഞു. 2000 ഡിസംബറില്‍ വാഹന വില്‍പ്പന 21.81 ശതമാനം കുറഞ്ഞിരുവെന്നും മാതൂര്‍ കൂട്ടിച്ചേര്‍ത്തു.

Top