ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നയത്തിന് ശേഷം രാജ്യത്ത് നികുതി ദായകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഷമിക രവി. അതേസമയം നോട്ട് അസാധുവാക്കല്‍ നയം കുറച്ച് കൂടി മികച്ച രീതിയില്‍ നടപ്പാക്കാമായിരുന്നുവെന്ന തോന്നലാണ് പൊതുവെയുള്ളതെന്നും അവര്‍ വ്യക്തമാക്കി.
നോട്ട് അസാധുവാക്കലിന്റെ ഫലപ്രാപ്തി നികുതി പിരിവില്‍ ഉണ്ടായെന്ന് ധനമന്ത്രിയും, അരുണ്‍ ജയ്റ്റ്‌ലിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2014 മാര്‍ച്ചില്‍ വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം 3.8 കോടിയായിരുന്നു. 2017-18ല്‍ ഇത് 6.86 കോടിയായി ഉയര്‍ന്നിരുന്നു. നോട്ട് അസാധുവാക്കലിന്റെയും മറ്റ് ചില നടപടികളുടെയും ഫലമായി കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ വരുമാന നികുതി റിട്ടേണുകള്‍ 19 ശതമാനവും 25 ശതമാനവുമായി വര്‍ധിച്ചിരുന്നുവെന്ന് അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.
അതേസമയം, നികുതി അടയ്ക്കല്‍ നടപടികള്‍ സുഗമമാക്കുന്നതിനും, നികുതി ദായകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും, നികുതി സംവിധാനം കൂടുതല്‍ യുക്തിപരമാക്കേണ്ടതുണ്ടെന്നും ഷമിക രവി വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട ജിഎസ്ടി നയം യുക്തിപരമാക്കുന്നതിന്റെ ആവശ്യകതയും ഷമിക ചൂണ്ടിക്കാട്ടി.