ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലില്‍ ഇന്ത്യയില്‍ 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്ന കണക്കുകള്‍ പുറത്ത്.
കേന്ദ്ര ഏജന്‍സിയായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി(സിഎംഐഇ)യുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലു മാസങ്ങളില്‍ 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അസംഘടിത മേഖലയിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
സിഎംഐഇ കണക്കനുസരിച്ച് 405 ദശലക്ഷം പേര്‍ക്കാണ് 2017 ജനുവരി-ഏപ്രില്‍ മാസത്തില്‍ തൊഴില്‍ ലഭിച്ചത്. മുന്‍ വര്‍ഷ കാലയളവില്‍ ഇത് 406.5 ദശലക്ഷമായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി പ്രകാരം നൈപുണ്യ വികസന പരിശീലനം നേടിയ 30.6 ലക്ഷം പേരില്‍ വെറും 2.9 ലക്ഷം പേര്‍ക്കുമാത്രമാണ് തൊഴില്‍ ലഭിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കോര്‍പറേറ്റ് കമ്പനികള്‍ ഉള്‍പ്പെടെ ജോലിക്കാരെ നിയമിക്കുന്നത് കുറച്ചിരിക്കുകയാണ്. വായ്പാനയങ്ങളിലെ പാളിച്ചയും ഉയര്‍ന്ന നികുതി നിരക്കുകളുമാണ് ഇതിനു കാരണമായി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.