കൊച്ചിയില്‍ മഴക്കാല പൂര്‍വ ശുചീകരണം തുടങ്ങി; കൊവിഡിന് പിന്നാലെ ഡെങ്കിപ്പനി ഭീഷണിയും

കൊച്ചി: കൊച്ചിയില്‍ നൂറിലേറെ സ്ഥലങ്ങളില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള നൂറിലേറെ സ്ഥലങ്ങളിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ തീര്‍ക്കാനാണ് തീരുമാനം. കൊവിഡിന് പിന്നാലെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും പടരാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് കൊതുക് നിര്‍മാര്‍ജ്ജനവും മഴക്കാല പൂര്‍വ ശുചീകരണവും പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

നാല് ഘട്ടങ്ങളായി നടക്കേണ്ട ജോലികള്‍ സാമ്പത്തിക പ്രതിസന്ധി കാരണം രണ്ട് ഘട്ടങ്ങളാക്കി ചുരുക്കിയിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.കലൂരിലെ സബ് സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം വെള്ളം കയറി നഗരം മുഴുവന്‍ ഇരുട്ടിലായിരുന്നു. ഇത്തവണ അതൊഴിവാക്കാന്‍ കെഎസ്ഇബിയും സ്വന്തം നിലയ്ക്ക് ജോലികള്‍ തുടങ്ങിയിട്ടുണ്ട്.

കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്റെ ജോലികളും, ജില്ലാ ഭരണകൂടത്തിന്റെ ഓപ്പറേഷന്‍ ബ്രേക്ക്ത്രൂവും പലയിടങ്ങളിലായി പുരോഗമിക്കുന്നുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ റെയില്‍വേ, കൊച്ചി മെട്രോ എന്നിവയുടെ സഹകരണവും അത്യാവശ്യമാണ്. ടൗണ്‍ ഹാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍, എം ജി റോഡ്, ഇടപ്പള്ളി എന്നിവിടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ തീര്‍ക്കേണ്ടതുണ്ട്.

Top