കൊച്ചി: കൊച്ചി നഗരത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ കൊച്ചിന്‍ കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 222 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരന്തരമായ അറിയിപ്പുകളും ബോധവത്കരണവും നടത്തിയിട്ടും വീട്ടിലും പരിസരങ്ങളിലും ഉറവിടനശീകരണം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നത് കൊണ്ടാണ് ഇവിടങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ ജില്ലയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഇത്തരം രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളില്‍ വെള്ളം ശേഖരിച്ചു വെയ്ക്കുന്ന പാത്രങ്ങളിലും ടാങ്കുകളിലും കൊതുകിന്റെ കൂത്താടികളെ കാണുന്നുണ്ട്. ഇവയെല്ലാം വല ഉപയോഗിച്ച് കൊതുക് കടക്കാത്ത വിധം മൂടി സൂക്ഷിച്ചില്ലെങ്കില്‍ ആ പ്രദേശം മുഴുവന്‍ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകും. കൂടാതെ ആക്രികടകള്‍, കൂട്ടിയിട്ടിരിക്കുന്ന ടയറുകള്‍ , ചിരട്ട എന്നിവ കൊതുകിന്റെ ഉറവിടങ്ങളായി കാണുന്നുണ്ട്. ഇവിടങ്ങളില്‍ വെള്ളം വീഴാത്ത വിധമുള്ള മേല്‍ക്കൂരയ്ക്ക് കീഴില്‍ മാത്രമേ സൂക്ഷിക്കാവൂ. വീടിനകത്ത് അലങ്കാരചെടികള്‍ വെള്ളത്തില്‍ വളര്‍ത്തുന്നതും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനത്തിന് സഹായകമാകുന്നു. അതിനാല്‍ ചെടികള്‍ കഴിവതും മണ്ണില്‍ വളര്‍ത്തുന്നതാണ് അഭികാമ്യം. ചില പ്രദേശങ്ങളില്‍ ചെടികള്‍ വില്പന നടത്തുന്ന നഴ്‌സറികളില്‍ ചെടിച്ചട്ടികളിലും ട്രേകളിലും ഉറവിടങ്ങള്‍ കാണുന്നുണ്ട്. വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങളിലും ശനിയാഴ്ച ഓഫീസുകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഉറവിട നശീകരണം നടത്തി കൊതുക് നിവാരണം ഉറപ്പാക്കണമെന്നും അധികൃതര്‍ പറഞ്ഞു.
കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാത്രമാണ് 222 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കലൂര്‍-22 ഇടപ്പിള്ളി-17കടവന്ത്ര-12 മട്ടാഞ്ചേരി-10 കൂത്തപാടി-10 പൊന്നുരുന്നി-6, മങ്ങാട്ടുമുക്ക്- 6 എന്നി സ്ഥലങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ജില്ലയിലെ നഗരസഭ പ്രദേശങ്ങളില്‍ കളമശ്ശേരിയില്‍ 13, തൃക്കാക്കര 7, മരട്- 6 എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആഴ്ചകളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചേരാനെല്ലൂര്‍ (7) എടത്തല (6) കടുങ്ങല്ലൂര്‍ (8) എന്നീ പഞ്ചായത്തുകളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.