കൊച്ചി : എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിക്കുന്നവരുടെയും ഡെങ്കിപ്പനി നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തില്‍ വന്‍ വര്‍ധന. ഈ മാസം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് ഏഴുപേരാണ് മരിച്ചത്. 195 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 486 പേര്‍ നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മൂക്കന്നൂര്‍, വാഴക്കുളം, കുട്ടംപുഴ, ചൂര്‍ണിക്കര, എടത്തല, പായിപ്ര, തൃക്കാക്കര എന്നീ സ്ഥലങ്ങള്‍ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോട്ടപ്പടിയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചവര്‍ 21 പേരും നിരീക്ഷണത്തിലായവര്‍ 33 പേരുമാണ്.
പനി ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ മാസം മാത്രം പനി സ്ഥിരീകരിച്ചവര്‍ 8,969 പേരാണ്. ചൊവ്വാഴ്ച മാത്രം 1,042 പേര്‍ക്ക് പനി സ്ഥിരീകരിച്ചു.