ടെല്‍ അവീവ്: ഹമാസിനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെതള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കണമെന്ന് ഈജിപ്ത് നിര്‍ദേശിച്ചതായുള്ള മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നതിനുപിന്നാലെയാണ് തെതന്യാഹുവിന്റെ പ്രതികരണം.
യുദ്ധം തുടരുന്നതില്‍ നിന്ന് ഇസ്രയേലിനെ യു.എസ് തടയുന്നുവെന്ന വാര്‍ത്തകളും നെതന്യാഹു നേരത്തെ തള്ളിയിരുന്നു. പരമാധികാരമുള്ള രാജ്യമാണ് ഇസ്രയേലെന്നും ഗാസയില്‍ തുടരുന്ന യുദ്ധത്തില്‍ യു.എസിന്റെ ഭാഗത്തുനിന്ന് യാതൊരു സമ്മര്‍ദ്ദവുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് സംസാരിച്ചെന്നും വിജയത്തിലെത്തുന്നതുവരെ ഇസ്രയേല്‍ യുദ്ധം തുടരുമെന്ന് അദ്ദേഹത്തെ അറിയിച്ചതായും നെതന്യാഹു വ്യക്തമാക്കിയിരുന്നു.ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 20674 പേര്‍ കൊല്ലപ്പെടുകയും 54536പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 250 പലസ്തീനുകാര്‍ കൊല്ലപ്പെട്ടെന്നും 500 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.
ഞങ്ങള്‍ നിര്‍ത്തിയിട്ടില്ലെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നും പോരാട്ടം അവസാനിക്കാന്‍ സമയമെടുക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കുക, ഘട്ടംഘട്ടമായി ബന്ദികളെ വിട്ടയക്കല്‍, പാലസ്തീന്‍ രാഷ്ടട്ര രൂപീകരണം എന്നീ നിര്‍ദേശങ്ങള്‍ ഈജിപ്ത് മുന്നോട്ടുവെച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.