തൃശൂർ : വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. പാവറട്ടി സ്വദേശി ഡോക്ടർ മഹേഷ് ആണ് അറസ്റ്റിലായത്. തൃശൂര്‍ പൂങ്കുന്നത്തു വച്ച് ചൊവ്വാഴ്ച്ച പുലർച്ചെയാണ് ഇയാൾ പിടിയിലായത്.
മൂവാറ്റുപുഴ പാലക്കുഴ സ്വദേശി കെ.എസ്. ജോസിന്റെ മകള്‍ ഡോക്ടര്‍ സോന ആണു മരിച്ചത്. 30 വയസ്സായിരുന്നു. അറസ്റ്റിലായ ഡോക്ടർ മഹേഷ് സോനയുടെ സുഹൃത്തും സഹപാഠിയുമാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ ക്ലിനിക്കിന് അകത്ത് വച്ച് സുഹൃത്തായ ഡോക്ടര്‍ മഹേഷ് കത്തി കൊണ്ട് സോനയെ കുത്തി കൊലപ്പെടുത്തിയത്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന സോന രണ്ടു വര്‍ഷമായി മഹേഷുമൊത്ത് തൃശൂര്‍ കുരിയച്ചിറയിലെ ഫ്‌ലാറ്റിലാണു താമസിച്ചിരുന്നത്. കുട്ടനെല്ലൂരില്‍ മഹേഷും സോനയും ചേര്‍ന്നു ദന്തല്‍ ക്ലിനിക് നടത്തിവരികയായിരുന്നു. ലാഭവിഹിതം മുഴുവൻ മഹേഷ് കൊണ്ടുപോകുന്നുവെന്ന് കാണിച്ച് സോന പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് രൂപ മഹേഷ് സോനയുടെ പക്കല്‍ നിന്നും തട്ടിയെടുത്തിരുന്നു. മഹേഷ് സോനയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയതോടെയാണ് സോന വീട്ടുകാരെ വിവരമറിയിച്ചത്.
ഒടുവില്‍ വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം സോന പൊലീസില്‍ പരാതി നല്‍കി. ഇതോടെ മഹേഷിന് സോനയോട് പക മൂത്തു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെ ക്ലിനിക്കിലെത്തിയ മഹേഷ് ബന്ധുക്കള്‍ നോക്കിനില്‍ക്കേ സോനയുടെ വയറിലും തുടയിലും കുത്തി. ആക്രമണത്തിനു ശേഷം കാറില്‍ രക്ഷപ്പെട്ട മഹേഷ് ബന്ധുവിന്റെ വീട്ടില്‍ കാര്‍ ഉപേക്ഷിച്ച് സ്ഥലംവിട്ടു. മഹേഷിന്റെ കാര്‍ പിന്നീട് ഒല്ലൂര്‍ പൊലീസ് കണ്ടെടുത്തു. ഗുരുതരമായി പരിക്കേറ്റ സോനയെ ബന്ധുക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല . ആദ്യത്തെ കുത്തില്‍ ഹൃദയത്തിന് പരിക്കേറ്റതിനാല്‍ രക്തസ്രാവം നിലയ്ക്കാതെയാണ് സോന മരിച്ചത്.