മാഡ്രിഡ്: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് ആസൂത്രിത വംശഹത്യയെന്ന് സ്പെയിന്‍ സാമൂഹികാവകാശ വകുപ്പു മന്ത്രി ലോണ്‍ ബെലാര. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ വീഡിയോ ബെലാര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
‘ഫലസ്തീന്‍ സായുധസംഘം ഇസ്രായേലി സിവിലിയന്മാര്‍ക്കെതിരെ നടത്തിയ കൊലപാതകങ്ങള്‍ ഭീതിതമാണ്. എന്നാല്‍ അതുവച്ച് ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിക്കാനാകില്ല. യുദ്ധക്കുറ്റത്തിന് ബെഞ്ചമിന്‍ നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണം. ഇക്കാര്യത്തില്‍ സഖ്യകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് നീക്കങ്ങള്‍ നടത്തും. ഇസ്രായേല്‍ ഭരണകൂടം ഗസ്സയില്‍ ആസൂത്രിതമായ വംശഹത്യയാണ് നടത്തുന്നത്. ബോംബിങ് മൂലം ആയിരക്കണക്കിന് പേരാണ് വെള്ളവും വെളിച്ചവും ഭക്ഷണവും കിട്ടാതെ നില്‍ക്കുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണ്. യുദ്ധക്കുറ്റമായി പരിഗണിക്കേണ്ടതാണ്. ഗസ്സയില്‍ അടിയന്തരമായി മനുഷ്യ ഇടനാഴി തുറക്കേണ്ടതുണ്ട് – അവര്‍ പറഞ്ഞു.