സ്‌ക്കൂള്‍ തുറക്കല്‍: മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം തീരുമാനിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണോ ഒന്നിടവിട്ട ദിവസങ്ങളിലാണോ ഓരോ ക്ലാസുകളും പ്രവര്‍ത്തിക്കേണ്ടതെന്നും സംയുക്തയോഗത്തിലാകും തീരുമാനിക്കുക. സ്‌കൂള്‍ തുറക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ ഒരു മാസത്തില്‍ താഴെ സമയം മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്.

സ്‌കൂളുകളുകളില്‍ സുരക്ഷിതമായ യാത്രാ സൗകര്യങ്ങള്‍ മുതല്‍ അണുവിമുക്തമായ ശുചിമുറികള്‍ വരെ ഒരുക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ എത്തിക്കാനുളള വാഹന ക്രമീകരണത്തില്‍ ചര്‍ച്ച തുടരുന്നു.

സ്‌കൂളുകളില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് അധികൃതര്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ചെറിയ കുട്ടികളെ കൊവിഡ് മാനദണ്ഡങ്ങള്‍ പഠിപ്പിക്കുന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. അദ്ധ്യപകരുടെയും ജീവനക്കാരുടെയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഭൂരിഭാഗം അദ്ധ്യാപകരും രണ്ട് ഡോസും എടുത്തവരാണ്.

കര്‍ശന നിയന്ത്രണങ്ങളോടെ നവംബര്‍ ഒന്നിനാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത്. എല്ലാ ക്ലാസുകളിലുമായി 45 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളിലേക്ക് പോകുന്നത്. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളും പൊതുപരീക്ഷ നടക്കുന്ന 10, 12 ക്ലാസുകളും നവംബര്‍ ഒന്നിന് തുടങ്ങാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ ധാരണയായത്. പതിനഞ്ചോടെ എല്ലാ ക്ലാസുകളും തുടങ്ങാനാണ് നീക്കം.

Top