ബംഗളൂരു: ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഇന്ത്യ വിട്ട സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി.
നിരീക്ഷണത്തിലിരിക്കേ പുറത്തുപോയി നിരവധി പേരുമായി ഇയാള്‍ ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പിനെ കമ്പളിപ്പിച്ചാണ് ദുബൈയിലേക്ക് പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആരോഗ്യവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഇന്ത്യ വിട്ടത് എന്നാണ് കണ്ടെത്തല്‍. കൊവിഡ് ബാധിച്ച ഇയാളില്‍ നിന്നും പണം വാങ്ങി കൊവിഡ് നെഗറ്റീവാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.
4500 രൂപയ്ക്കാണ് കൊവിഡ് ബാധിച്ച ഇയാള്‍ക്ക് ദുബായിലേക്ക് മടങ്ങാന്‍ ബംഗ്ലൂരുവിലെ സ്വകാര്യ ലാബ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ലാബിനെതിരെ പൊലീസ് കേസെടുത്തു.
ദക്ഷിണാഫ്രിക്കന്‍ സ്വദേശി താമസിച്ച ബംഗ്ലൂരു ഷാംഗ്രിലാ ഹോട്ടലിന് കാരണം കാണിക്കല്‍ നോട്ടീസും അയച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് ഹോട്ടലിന് നോട്ടീസ് നല്‍കിയത്. കൊവിഡ് ബാധിതനായിട്ടും പുറത്ത് പോവാന്‍ അനുവദിച്ചതിലും വിശദീകരണം തേടി.
കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ദക്ഷിണാഫ്രിക്കന്‍ സ്വദേശി ബംഗ്ലൂരുവില്‍ കറങ്ങിയിട്ടുണ്ടെന്നും നിരവധി പേരുമായി ഇടപെട്ടിട്ടുണ്ടെന്നുമുള്ള വിവരമാണ് ആരോഗ്യവകുപ്പിനെയും ജനങ്ങളെയും ആശങ്കപ്പെടുത്തുന്നത്.