ബെംഗളൂരു: കർണാടക സർക്കാരിൽ മന്ത്രിമാർക്ക് വകുപ്പ് വിഭജിച്ചു നൽകി. ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആണ് നൽകാനാണ് തീരുമാനം. ജലസേചനം, ബംഗളുരു നഗര വികസനം തുടങ്ങിയ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകും. ആഭ്യന്തരം ജി പരമേശ്വരയ്ക്ക് നൽകിയപ്പോൾ വ്യവസായം എം ബി പാട്ടീലിനാണ് നൽകിയിരിക്കുന്നത്.
കൃഷ്ണ ബൈര ഗൗഡ റവന്യൂ വകുപ്പും, മൈനിങ് & ജിയോളജി- എസ് എസ് മല്ലികാർജുൻ എന്നിവർക്ക് നൽകിയപ്പോൾ ഏക വനിതാമന്ത്രിയായി ലക്ഷ്മി ഹെബ്ബാൾക്കർക്ക് വനിതാ ശിശുക്ഷേമ വകുപ്പും നൽകിയിട്ടുണ്ട്. വിദ്യാഭ്യാസം-മധു ബംഗാരപ്പയ്ക്കും ന്യൂനപക്ഷം- സമീർ അഹമ്മദ് ഖാൻ, ആരോഗ്യം- കുടുംബക്ഷേമം-ദിനേശ് ഗുണ്ടുറാവു എന്നിവർക്കുമാണ് വിഭജിച്ചു നൽകിയിട്ടുള്ളത്. പ്രധാന വകുപ്പുകൾ പലതും സിദ്ധരാമയ്യയുടെ കൈകളിലാണ്.
ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ട ജാതി സമവാക്യങ്ങൾ കൃത്യം പാലിച്ചാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. 12 മുതൽ 14 വരെ വൊക്കലിഗ, ലിംഗായത്ത് വിഭാഗക്കാരെ ഉൾപ്പെടുത്തണമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അഹിന്ദ വിഭാഗത്തിന് മുൻതൂക്കം വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആവശ്യപ്പെട്ടിരുന്നു. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങൾക്ക് തുല്യ പ്രാതിനിധ്യമാണ് മന്ത്രിസഭയിൽ.
ഏഴംഗങ്ങൾ വീതം ഈ രണ്ട് വിഭാഗങ്ങളിൽ നിന്നുമുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ആറ് പിന്നാക്ക വിഭാഗക്കാർ മന്ത്രിസഭയിലുണ്ട്. ദളിത് വിഭാഗത്തിൽ നിന്ന് ആറ് പേരും എസ്ടി വിഭാഗത്തിൽ നിന്ന് മൂന്ന് പേർ വീതവുമുണ്ട്. മുസ്ലിം വിഭാഗത്തിൽ നിന്ന് രണ്ട് പേരാണ് മന്ത്രിസഭയിലുള്ളത്. കൂടാതെ സ്പീക്കർ പദവിയും മുസ്ലിം വിഭാഗത്തിനാണ്. അങ്ങനെ അഹിന്ദ മത, സമുദായങ്ങളിൽ നിന്ന് 17 പേരാണ് മന്ത്രിസഭയിൽ. ബ്രാഹ്മണ, ജെയിൻ, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് ഓരോരുത്തരും മന്ത്രിസഭയിലുണ്ട്.