രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ ഇടിവ് തുടരുമെന്ന് ക്രെഡിറ്റ് സ്യൂസി

RUPEES

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച തുടരുമെന്ന് ആഗോള സേവന കമ്പനിയായ ക്രെഡിറ്റ് സ്യൂസി. ക്രൂഡ് ഓയില്‍ വില വര്‍ധന തുടരുകയാണെങ്കില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70ല്‍ എത്തുമെന്നാണ് ക്രെഡിറ്റ് സ്യൂസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിദേശ വിനിമയ വിപണിയില്‍ ജി 10 കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുമെന്നും ക്രെഡിറ്റ് സ്യൂസി വ്യക്തമാക്കുന്നു. യുഎസ് ഡോളര്‍, ബ്രീട്ടിഷ് പൗണ്ട് സ്റ്റെര്‍ലിംഗ്, യൂറോ,ജപ്പാനീസ് കറന്‍സി യെന്‍, ഓസ്‌ട്രേലീയന്‍ ഡോളര്‍, സ്വിസ് ഫ്രാങ്ക്, ന്യൂസിലന്‍ഡ് ഡോളര്‍, സ്വീഡിഷ് ക്രോണ, കനേഡിയന്‍ ഡോളര്‍, നോര്‍വീജിയന്‍ ക്രോണ്‍ എന്നിവയാണ് ജി 10 കറന്‍സികള്‍. ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ രൂപയുടെ മൂല്യം 68. 93 എന്ന നിലവാരത്തിലെത്തിയിരുന്നു. കേന്ദ്രബാങ്ക് തുടര്‍ച്ചയായി അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തിയത് വിദേശ വിനിമയ വിപണിയില്‍ രൂപയ്ക്ക് മികച്ച പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ക്രെഡിറ്റ് സ്യൂസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച മാത്രം രൂപയില്‍ അഞ്ച് പൈസയുടെ ഇടിവാണ് ഉണ്ടായത്. വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍നിന്നു പണം പിന്‍വലിക്കുന്ന പശ്ചാത്തലത്തിലാണു രൂപയുടെ ഇടിവ് തുടരുന്നത്. രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലായിട്ടും രൂപ കഴിഞ്ഞയാഴ്ച റെക്കോര്‍ഡ് താഴ്ചയിലെത്തിയിരുന്നു. ഇക്കൊല്ലം ഇതേവരെ രൂപയ്ക്ക് ഏഴു ശതമാനത്തിലേറെയാണ് മൂല്യമിടിഞ്ഞത്. ഉയരുന്ന എണ്ണവില കാരണം രാജ്യം കറന്റ് അക്കൗണ്ട് കമ്മിയുടെ ഭീഷണിയിലുമാണ്.

ക്രൂഡ് ഓയില്‍ വില കുറയുന്നത്‌ ഇന്ത്യയുടെ വിദേശ ഇടപാടുകളിലെ തീരുവ വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് ഇടിവിന് പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നത്. സെപ്റ്റംബര്‍ ആകുമ്പോഴേക്കും രൂപയുടെ വിനിമയ നിരക്കു മൂന്നു ശതമാനം താഴുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Top