ആഗ്ര: മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചതിന്റെ പ്രതികാരത്തില്‍ യുവതി കാമുകനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി. ആഗ്ര സ്വദേശിയായ ദേവേന്ദ്ര കുമാറാണ് ആസിഡ് ആക്രമണത്തെ തുടര്‍ന്ന് പൊള്ളലേറ്റ് മരിച്ചത്. സംഭവത്തില്‍ സോനം പാണ്ഡെ എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സോനവും ദേവേന്ദ്രകുമാറും ഏതാനും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. നഴ്‌സായ സോനവും ലാബ് അസിസ്റ്റന്റായ കുമാറും നേരത്തെ ഒരേ ആശുപത്രിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു. പിന്നീട് രണ്ടുപേരും രണ്ടിടങ്ങളിലേക്ക് മാറി.
ഇതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായി ദേവേന്ദ്രകുമാറിന്റെ വിവാഹം ഉറപ്പിച്ചത്. ഏപ്രില്‍ 28-ന് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇക്കാര്യമറിഞ്ഞ സോനം വിവാഹത്തെച്ചൊല്ലി കുമാറുമായി വഴക്കിട്ടു. ഇതിനുപിന്നാലെയാണ് സോനം പാണ്ഡെ കുമാറിന് നേരേ ആസിഡൊഴിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ യുവാവിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി.