ചെന്നൈ: തമിഴ്‌നാട്ടിലെ വടക്കന്‍ തീരദേശ ജില്ലകളിലും ഉപ്രദേശങ്ങളിലും ശക്തമായതോ അതിശക്തമായതോട ആയ മഴയ്ക്ക് സാധ്യത. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ മഴ പ്രവചിക്കുന്നത്. പുതുച്ചേരിയില്‍ നിന്ന് ഏകദേശം 440 കിലോമീറ്റര്‍ തെക്ക്-കിഴക്കും ചെന്നൈയില്‍ നിന്ന് 420 കിലോമീറ്റര്‍ തെക്ക്-കിഴക്കുമായാണ് ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുക.
തമിഴ്‌നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും നാളെയോടെ മിഷോങ് ചുഴലിക്കാറ്റ് കരതൊടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തില്‍ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം തമിഴ്‌നാട് സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
നിശ്ചിത ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ചെന്നൈ അടക്കം 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തമിഴ്‌നാട് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പുതുച്ചേരിയിലും ജാഗ്രത നിര്‍ദ്ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കല്‍, യാനം മേഖലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബര്‍ നാലിന് രാവിലെയോടെ മിഷോങ് ചുഴലിക്കാറ്റ് തെക്കന്‍ ആന്ധ്രാപ്രദേശിനും, ചേര്‍ന്നുള്ള വടക്കന്‍ തമിഴ്നാട് തീരത്തിനും സമീപം പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തും. തുടര്‍ന്ന്ഏതാണ്ട് സമാന്തരമായും തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തോട് ചേര്‍ന്ന് വടക്കോട്ട് നീങ്ങുകയും ഡിസംബര്‍ 5 ന് ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ തെക്കന്‍ ആന്ധ്രാപ്രദേശ് തീരം കടക്കാനുമാണ് സാധ്യതയെന്നുമാണ് ഐഎംഡി ഏറ്റവും പുതിയ ബുള്ളറ്റിനില്‍ പറയുന്നത്.