അടുത്ത 12 മണിക്കൂറിനുള്ളില്‍ എംഫന്‍ ചുഴലിക്കാറ്റ്; ഒഡീഷയിലെ 12 ജില്ലകള്‍ക്ക് മുന്നറിയിപ്പ്‌

ഭുവനേശ്വര്‍: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദം വരുന്ന 12 മണിക്കൂറിനുള്ളില്‍ എംഫന്‍ ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ആദ്യം വടക്കുപടിഞ്ഞാറ് ദിശയിലും പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തിരിയുമെന്നുമാണ് കരുതുന്നത്. ഞായറാഴ്ചയോടെ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് അടുത്ത അഞ്ച്-ആറ് ദിവസങ്ങളില്‍ ഒഡീഷ, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ വീശാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഇതിനെ തുടര്‍ന്ന് ഒഡീഷയിലെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി അസിത് ത്രിപാഠിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ജില്ലകള്‍ക്ക് മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.

അതേസമയം, ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്ന ഏതു കെടുതികളെയും നേരിടുന്നതിന് കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും കളക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റിലീഫ് കമ്മീഷണര്‍ പ്രദീപ് ജേന പറഞ്ഞു

മേയ് 18 മുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും ഒഡീഷ- പശ്ചിമബംഗാള്‍ തീരത്തിനപ്പുറത്തേയ്ക്കും പോകരുതെന്ന് മീന്‍പിടിത്തക്കാര്‍ക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Top